ഹിതപരിശോധന ആരംഭിച്ചു; ബ്രിട്ടന്‍ അകത്തായിരിക്കുമെന്ന് റിപ്പോര്‍ട്ട്, തീരുമാനത്തിനായി ലോകം കാത്തിരിക്കുന്നു

അവസാന ഘട്ടത്തില്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണം ശക്തമാണ്

  ബ്രെക്‌സിറ്റ് , ബ്രിട്ടന്‍ , യൂറോപ്യൻ യൂണിയന്‍ , ഹിതപരിശോധന
ലണ്ടന്‍| jibin| Last Updated: വ്യാഴം, 23 ജൂണ്‍ 2016 (11:52 IST)
യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ബ്രിട്ടണിലെ ബ്രെക്‌സിറ്റ് ആരംഭിച്ചു. ഇതോടെ ലോകം ആശങ്കയിലേക്ക് വിഴുകയും ചെയ്‌തു. ഇന്ത്യന്‍ സമയം 11.30തോടെയാണ് ഹിതപരിശോധന ആരംഭിച്ചത്. യൂണിയൻ വിടുക എന്നാണു തീരുമാനമെങ്കിൽ രാജ്യാന്തര തലത്തിൽ വലിയ ചലനങ്ങൾക്കു കാരണമാകും അത്.

അവസാന ഘട്ടത്തില്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണം ശക്തമാണ്. ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ ബ്രിട്ടന്‍, യൂണിയനില്‍ തുടരണമെന്ന വാദത്തിന് മുന്‍തൂക്കം ലഭിച്ചത് ലോകനേതാക്കള്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. 'ഡെയ്‌ലി ടെലഗ്രാഫ്' പത്രം നടത്തിയ സര്‍വേയിലാണ് 53 ശതമാനം പേരും തുടരണമെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞദിവസം വരെയും ബ്രിട്ടന്‍ തുടരേണ്ടതില്ലെന്ന അഭിപ്രായക്കാര്‍ക്കായിരുന്നു മുന്‍തൂക്കം.

28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നാണ് ബ്രിട്ടീഷ് ജനതയ്ക്ക് മുന്നിലുള്ള ചോദ്യം. ബ്രെക്‌സിറ്റ് പോള്‍ എന്നറിയപ്പെടുന്ന ഹിതപരിശോധന ഇന്ത്യന്‍ സമയം രാവിലെ 11.30നു തുടങ്ങി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് അവസാനിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം അറിയാം. 4 കോടി 65 ലക്ഷം പേര്‍ വോട്ടു ചെയ്യും.

യൂണിയനില്‍നിന്ന് പുറത്തുപോവരുതെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്, നാഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച്, സെന്റര്‍ ഫോര്‍ ഇക്കണോമിക് പെര്‍ഫോര്‍മന്‍സ് എന്നിവയും ബ്രിട്ടന് മുന്നറിയിപ്പുനല്‍കിയിരുന്നു.

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥയെത്തന്നെ ബാധിക്കും. യൂറോയുടെയും പൗണ്ടിന്റെയും മൂല്യമിടിയും. അവിടുത്തെ ഇന്ത്യന്‍ ബിസിനസുകാര്‍ക്കും തിരിച്ചടിയാകും. ഇന്ത്യന്‍ ഐടി മേഖലയിലും മാന്ദ്യമുണ്ടാകും.

എന്താണ് ബ്രെക്സിറ്റ് ?

‘ബ്രിട്ടീഷ് എക്സിറ്റ്’ എന്നതിന്റെ ചുരുക്കം – യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ പുറത്തു പോക്ക് എന്നർഥം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :