നെല്‍വിന്‍ വില്‍സണ്‍|
Last Modified ചൊവ്വ, 4 മെയ് 2021 (10:52 IST)
അപ്രതീക്ഷിതമായാണ് ബില്‍ ഗേറ്റ്‌സിന്റെ ജീവിതത്തിലേക്ക് മെലിന്‍ഡ കടന്നുവരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും വിവാഹതിരാകുകയും ചെയ്തു. ഇപ്പോള്‍ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു വിരമമായി.
1987 ല്‍ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായാണ് മെലിന്‍ഡ എത്തുന്നത്. ന്യൂയോര്‍ക്കില്‍ പ്രൊഡക്ട് മാനേജരായാണ് മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ ജോലിക്ക് പ്രവേശിക്കുന്നത്. മെലിന്‍ഡയോട് ബില്‍ ഗേറ്റ്‌സിന് വല്ലാത്ത അടുപ്പവും സൗഹൃദവും തോന്നി. ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. മൂന്ന് മക്കളുണ്ട്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരായി. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. തിങ്കളാഴ്ചയാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഇക്കാര്യം അറിയിച്ചത്.
തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ദമ്പതിമാരെന്ന നിലയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ വേര്‍പിരിയുകയാണെന്നും ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെന്നും വ്യക്തമാക്കി.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇരുവരും കൂടിയാണ് നടത്തുന്നത്. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് ബില്‍ഗേറ്റ്‌സ് അറിയിച്ചു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ഒന്നിച്ചു തുടരുമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.