കശ്‌മീരിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇനിയും റിപ്പോർട്ട് ചെയ്യും; കേന്ദ്ര‌സർക്കാരിന് മറുപടിയുമായി ബിബിസി

തങ്ങളുടെ ട്വിറ്ററിലൂടെയാണ് ബിബിസി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2019 (14:12 IST)
കാശ്മീരിൽ നടക്കുന്ന സംഭവങ്ങൾ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി, റോയിറ്റേഴ്‌സ് എന്നിവർ ചെയ്യുന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന മോദി സര്‍ക്കാരിന്റെ ആരോപണത്തിന് മറുപടിയുമായി ബിബിസി. തങ്ങളുടെ ട്വിറ്ററിലൂടെയാണ് ബിബിസി മോദി സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

‘ബിബിസി അതിന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ ഉറച്ചുതന്നെ നില്‍ക്കും. കാശ്മീരിൽ നടക്കുന്ന സംഭവവികാസങ്ങള്‍ ഞങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിഷേധിക്കുന്നു.

ഞങ്ങള്‍ വളരെ കൃത്യമായും നിഷ്പക്ഷമായുമാണ് സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മറ്റുള്ള മാധ്യമങ്ങളെപ്പോലെ ഞങ്ങളും കാശ്മീരില്‍ പല നിയന്ത്രണങ്ങളേയും മറികടന്നാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്തുതന്നെവന്നാലും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് തുടരും.’ – ബിബിസി പറഞ്ഞു.

കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശ്രീനഗറില്‍ 10000ത്തിലേറെപ്പേര്‍ പങ്കെടുത്ത റാലി നടന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വാർത്തയെ പിന്തുണച്ച് ബിബിസി വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.എന്നാൽ, ഈ വാർത്ത കേന്ദ്രസർക്കാർ നിഷേധിക്കുകയുണ്ടായി.

ഇത്തരത്തിലുള്ള വാര്‍ത്ത തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് വസുധ ഗുപ്ത ട്വീറ്റു ചെയ്തത്. സംസ്ഥാനത്തെ ശ്രീനഗറിലും ബാരാമുള്ളയിലും വളരെ ചെറിയ ചില പ്രക്ഷോഭങ്ങളുണ്ടായിരുന്നെന്നും അതിലൊന്നും 20 ലേറെ ആളുകള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്. കേന്ദ്രസർക്കാർ വാദത്തിനോട് പ്രതികരിച്ചുകൊണ്ടാണ് ബിബിസി ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :