ഗ്രീസില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ബാങ്കുകള്‍ അടച്ചിടും

Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (11:33 IST)
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസില്‍ ബാങ്കുകള്‍ അടച്ചിടുന്നു.നേരത്തെ ബാങ്കുകള്‍ക്കുള്ള അടിയന്തര സഹായം വര്‍ധിപ്പിക്കില്ലെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ ബാങ്കുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കില്ലെന്ന് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രാസ് അറിയിച്ചിരുന്നു. ജൂലൈ ആറ് വരെ ബാങ്കുകള്‍ അടച്ചിടാനാണ് തീരുമാനം.

ഐഎംഎഫിലേക്ക് 1.6 ബില്യന്‍ യൂറോ അടയ്ക്കാനുള്ള കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയാണ്. അതിനാല്‍ രാജ്യത്ത് കാപിറ്റല്‍ കണ്‍ട്രോള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാരണത്താല്‍ നിശ്ചിത തുക മാത്രമേ വ്യക്തികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പിന്‍വലിക്കാനും കൈമാറ്റം ചെയ്യാനും സാധിക്കുകയുള്ളു. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനാകുന്ന തുകയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചില എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്. ഇവയ്ക്ക് മുന്നില്‍ ജനങ്ങളുടെ വന്‍ നിരയാണ്. ഗ്രീസിലെ ഓഹരി വിപണിയും ഇന്ന് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :