പ്രതിഷേധ പ്രകടനങ്ങള്‍ അടിച്ചമര്‍ത്തും

ബാങ്കോക്ക്‌| Last Modified ചൊവ്വ, 27 മെയ് 2014 (10:30 IST)
തായ്‌ലന്‍ഡില്‍ അധികാരം പിടിച്ചെടുത്ത സൈന്യം, ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നല്‍കി.

അധികാരം പിടിച്ചശേഷം സേനാ മേധാവി ജനറല്‍ പ്രയുത്‌ ചാന്‍ ഓ‍ച ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു മുന്നറിയിപ്പ്‌. 'കഴിയുന്നത്ര നേരത്തേ തെരഞ്ഞെടുപ്പു നടത്താമെന്നു വാഗ്ദാനം ചെയ്‌ത പ്രയുത്‌ ചാന്‍ പക്ഷേ, അതിനു സമയപരിധി വച്ചിട്ടില്ല.

സൈനിക ഓഫിസര്‍മാരോടൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ സേനാ മേധാവി, പട്ടാളഭരണത്തിനു നേതൃത്വം നല്‍കാന്‍ തനിക്കു ഭൂമിപാല്‍ അതുല്യതേജ്‌ രാജാവില്‍നിന്നു കല്‍പന ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടു. 'ഞാന്‍ ആരോടും വാദിക്കാനില്ല. എല്ലാം ക്രമമാക്കാനാണു വന്നിരിക്കുന്നത്‌. അതുകൊണ്ടു വിമര്‍ശിക്കരുത്‌. പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്‌. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല - പ്രയുത്‌ ചാന്‍ പറഞ്ഞു.

അഞ്ചിലേറെപ്പേര്‍ ഒന്നിച്ചുകൂടുന്നതു സൈന്യം നിരോധിച്ചിട്ടുണ്ടെങ്കിലും നൂറുകണക്കിനാളുകള്‍ തലസ്ഥാനത്തു കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. 'പുറത്തുപോകുക, പുറത്തുപോകുക എന്നു മുദ്രാവാക്യം മുഴക്കി രംഗത്തിറങ്ങിയ ജനക്കൂട്ടം ചിലയിടങ്ങളില്‍ സൈനികരുമായി ഏറ്റുമുട്ടി.

ഇതേസമയം, സൈനികകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി യിങ്ങ്‌ലക്‌ ഷിനവത്രയെ രഹസ്യമായി മോചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. രാഷ്ട്രീയ പ്രവര്‍ത്തനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്ന്‌ അവര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണു സൂചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :