അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (15:33 IST)
ബംഗ്ലാദേശ് സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് ഷെയ്ഖ് ഹസീന. നേരത്തെ 45 മിനിറ്റിനുള്ളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഞായറാഴ്ച പ്രതിഷേധം രൂക്ഷമായിരുന്നുവെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി പ്രതിഷേധം ശക്തമായി അടിച്ചമര്‍ത്തുമെന്ന നിലപാടിലായിരുന്നു. എന്നാല്‍ സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് രാജി തീരുമാനം.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ 91 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികള്‍ക്കെതിരെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും രംഗത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. 14 പോലീസുകാരും ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മെഡിക്കല്‍ കോളേജും അവാമിലീഗ് പാര്‍ട്ടിയുടെ ഓഫീസുകളും പ്രക്ഷോഭകാരികള്‍ തകര്‍ത്തു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക്,വാട്‌സാപ്പ്,ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം രാജ്യത്ത് നിര്‍ത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും നിരോധിച്ചു.