ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

2021 മാര്‍ച്ചിലായിരുന്നു മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനം

Pope Francis
Pope Francis
രേണുക വേണു| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (08:16 IST)

മൂന്ന് വര്‍ഷം മുന്‍പ് തനിക്കു നേരെ വധശ്രമം ഉണ്ടായെന്ന് ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് വധശ്രമമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഇന്റലിജന്‍സും ഇറാഖി പൊലീസും കൃത്യമായി ഇടപെട്ടതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മാര്‍പാപ്പ പറഞ്ഞു. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ 'സ്‌പേറ' (പ്രത്യാശ)യിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

2021 മാര്‍ച്ചിലായിരുന്നു മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനം. മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിനു നീങ്ങുന്നതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് വിവരം നല്‍കിയിരുന്നു. ഇവരെ ഇറാഖി പൊലീസ് തടയുകയും ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിക്കുകയും ആയിരുന്നെന്ന് മാര്‍പാപ്പ പറയുന്നു. 2025 ല്‍ പുറത്തിറക്കേണ്ട ആത്മകഥയില്‍ നിന്നുള്ള സുപ്രധാന വിവരങ്ങള്‍ മാര്‍പാപ്പയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു ഇറ്റാലിയന്‍ പത്രമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇറാഖ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് തനിക്ക് നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അതില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമായിരുന്നില്ലെന്ന് മാര്‍പാപ്പ പറയുന്നു. ചാവേറുകളെ കുറിച്ച് പിന്നീട് മാര്‍പാപ്പ വത്തിക്കാന്‍ സുരക്ഷാ സേനയോടു തിരക്കി. വധശ്രമത്തിനു ചാവേറുകളായി എത്തിയവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നാണ് വത്തിക്കാന്‍ സുരക്ഷാ സേന മാര്‍പാപ്പയ്ക്കു മറുപടി നല്‍കിയത്. ഇറാഖി സേന ഇടപെട്ട് ലക്ഷ്യത്തിലെത്തും മുന്‍പ് ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :