അഭിറാം മനോഹർ|
Last Modified ബുധന്‍, 1 ജനുവരി 2020 (09:55 IST)
യുഎസ് വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് വരുന്ന ഇറാഖി
പ്രക്ഷോഭകർ യു എസ് എംബസി ആക്രമിച്ചു. ഇറാൻ പിന്തുണയുള്ള ഷിയാ സംഘടനയായ ഹാഷിദ് അൽ ഷാബിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ഉത്തര ഇറാഖിലെ യു എസ് സൈനികക്യാമ്പിന് നേരെ ഹാഷിദ് അൽ ഷാബിയുടെ സൈനിക വിഭാഗമായ കത്തബ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ ഒരു യു എസ് സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇറാഖിലും സിറിയയിലുമായി 5 ഹിസ്ബുല്ലാ താവളങ്ങളിൽ യു എസ് വ്യോമാക്രമണം നറ്റത്തിയിരുന്നു. 25 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് പകരമായാണ്
ഹാഷിദ് അൽ ഷാബി ഇപ്പോൾ യു എസ് എംബസിക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഇറാഖിലെ യു എസ് സൈനികരെ എത്രയും വേഗം പിൻവലിക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
ബാദ്ഗാദിലെ സുരക്ഷാമേഖലയിൽ സ്ഥിതിചെയ്യുന്ന എംബസിയുടെ ചുറ്റുമതിൽ കടന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകർ എംബസിക്ക് നേരെ കല്ലെറിയുകയും നിരീക്ഷണ ക്യാമറകൾ തകർക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഭീഷണി പരിഗണിച്ച് സ്ഥാനപതിയേയും മറ്റ് ഉദ്യോഗസ്ഥരേയും നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു.