വാഷിംടണ്‍|
vishnu|
Last Modified തിങ്കള്‍, 19 ജനുവരി 2015 (10:43 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാഥിതിയായി ഇന്ത്യയില്‍ എത്തുന്നതിനിടെ പാകിസ്ഥാന് കടുത്ത മുന്നറിയിപ്പ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് നല്‍കി. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകകതെ നോക്കണമെന്നും അങ്ങനെയുണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നുമാണ് വൈറ്റ് ഹൌസൈല്‍ നിന്ന് പാകിസ്ഥാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. പാകിസ്ഥാനുമായി വര്‍ഷങ്ങള്‍ നീണ്ട സൌഹൃദം അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന്റെ സൂചനായും ഇന്ത്യയുമായി അമേരിക്ക് കൂടുതല്‍ അടുക്കാന്‍ തയ്യാരെടുക്കുന്നതിന്റെയും സൂചനയായാണ് ഇതിനെ രാജ്യാന്തര നിരീക്ഷകര്‍ കാണുന്നത്.
അമേരിക്കന്‍ വി.വി.ഐ.പികളുടെ സന്ദര്‍ശനവേളകളില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പാക് തീവ്രവാദ സംഘടനകള്‍ ശ്രമം നടത്താറുണ്ടെന്ന മുന്‍അനുഭവങ്ങളുടെ വെളിച്ചത്തിലാണു തങ്ങളുടെ മുന്നറിയിപ്പെന്നും വൈറ്റ്‌ഹൗസ്‌വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം മേഖലയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ അഫ്‌ഗാനിസ്‌ഥാനിലെ യുഎസ് സൈന്യത്തിന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
അതിര്‍ത്തികടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്‌തമായി ചെറുക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് അമേരിക്ക പാകിസ്ഥാന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് 25 നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തുന്നത്. അതിനിടെ ജമ്മു- കശ്‌മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷവും ഡല്‍ഹിയിലെ ആയുധ വേട്ടയെയും ഗൗരവമായാണു അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ കാണുന്നത്.
ഇന്നലെ കിഴക്കന്‍ ഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനു സമീപവും അസമിലും വന്‍ ആയുധവേട്ട നടന്നു. ഡല്‍ഹിയില്‍ 1020 വെടിയുണ്ടകളുമായി മൂന്ന് പേര്‍ അറസ്‌റ്റിലായി.സിതാപുര്‍ സ്വദേശി ഇമ്രാന്‍, മീററ്റ് സ്വദേശി ഷരിക് , ഉത്തരാഖണ്ഡ് സ്വദേശി ഫയീം എന്നിവരാണ് അറസ്‌റ്റിലായത്. ഇവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നു ഡല്‍ഹി പോലീസ് അറിയിച്ചു. അസം - അരുണാചല്‍ അതിര്‍ത്തിയില്‍ സൈന്യവും അസം പോലീസും എന്‍.ഐ.എയും ചേര്‍ന്നു നടത്തിയ നീക്കത്തിലാണ് ആയുധം പിടിച്ചത്. എ.കെ. 56, എച്ച്.കെ5.56 റൈഫിളുകളും സ്‌ഫോടക വസ്‌തുശേഖരവുമാണു കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. ഇവ അസമിലെ എന്‍.ഡി.എഫ്.ബി(എസ്) ഭീകരര്‍ക്കായാണു കടത്തിക്കൊണ്ടുവന്നതെന്നാണു നിഗമനം.
അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ഒബാമയ്‌ക്ക് ഏര്‍പ്പെടുത്തുന്നത് മുമ്പ് ആര്‍ക്കും നല്‍കാത്തത്ര സുരക്ഷയാണ്. ഏഴു നിര സെക്യൂരിറ്റി റിംഗ്, വ്യോമമേഖലയില്‍ പ്രത്യേക റഡാര്‍ നിരീക്ഷണം, കമാന്‍ഡോ സംഘങ്ങള്‍ക്കും ബോംബ് സ്‌ക്വാഡുകള്‍ക്കും പുറമേ എണ്‍പതിനായിരത്തോളം പേരടങ്ങിയ ഡല്‍ഹി പോലീസ് സന്നാഹം, ഇരുപതിനായിരം അര്‍ധസൈനികരും ഹരിയാനയില്‍നിന്നും രാജസ്‌ഥാനില്‍നിന്നുമുള്ള സായുധ സേനാംഗങ്ങളും സുരക്ഷയ്ക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.