അമേരിക്കയിലെ മാധ്യമ സ്ഥാപനത്തിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

Sumeesh| Last Modified വെള്ളി, 29 ജൂണ്‍ 2018 (09:16 IST)
വാഷിങ്‌ടൻ: അമേരിക്കയിൽ മാധ്യമ സ്ഥാപമത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മെരിലാൻ‌ഡിന്റെ തലസ്ഥാനമായ അനാപൊളിസിലാണ് അക്രമണം ഉണ്ടായത്. ക്യാപിറ്റൽ ഗസറ്റ് എന്ന ദിനപത്രത്തിനെ ഓഫീസിൽ വ്യാഴാഴ്ച ഉച്ചയോടെ അജ്ഞാതനായ ഒരാൾ വെടിയുതിർക്കുകയായിരുന്നു എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ചില്ലുവാതിൽ തകർത്ത് ന്യൂസ് റൂമിനകത്ത് കയറിയ അക്രമി ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നു. ഷോട്ട് ഗൺ ഉപയോഗിച്ചാണ് ഇയാൾ വെടുയുതിർത്തത്. അപകട സാധ്യത കണക്കിലെടുത്ത് കെട്ടിടത്തിൽ നിന്നും മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വെടിയുതിർത്ത അക്രമിയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സംഭവ സ്ഥലത്തുനിന്നും ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കെട്ടിടത്തിൽ ബോംബ് സ്ക്വാഡ് വിശദമായ പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റു മാധ്യമ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :