മനുഷ്യത്തോല്‍ കൊണ്ടൊരു പുറംചട്ട!

ന്യൂയോര്‍ക്ക്‌| VISHNU.NL| Last Modified ശനി, 7 ജൂണ്‍ 2014 (14:34 IST)
ഒരു പുസ്തകം, ഒറ്റനോട്ടത്തില്‍ വളരെ പുരാതനമായൊരു പുസ്തകം. തോല്‍കൊണ്ട് ഭംഗിയായി നിര്‍മ്മിച്ചിരിക്കുന്നു. സാധാരണ ഗതിയില്‍ പണ്ടുകാലത്ത് പുസ്തകത്തിന് പുറംചട്ട തോല്‍കൊണ്ട് പൊതിയുന്നത് സാധാരണായല്ലെ എന്നു ചോദിച്ചേക്കാം.

എന്നാല്‍ തോല്‍ മനുഷ്യന്റേതാണെങ്കിലോ? ഞെട്ടണ്ട, സത്യമാണ്! മൃഗ ചര്‍മ്മം പോലെ ഒരു സ്ത്രീയുടെ പിന്‍ ഭാഗത്തെ ചര്‍മ്മം ഇളക്കിയെടുത്ത് ഊറക്കിട്ട് നിര്‍മിച്ചതാണ് അതിന്റെ പുറംചട്ട. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മനോരോഗിയായ ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണ് ഈ തോല്‍.

ഇനി പുസ്തകത്തിന്റെ ഉള്ളടക്കമെന്താണെന്നു കൂടി വായിച്ചു നോക്കു. മനുഷ്യാത്മാവിനെ കുറിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. മനുഷ്യാത്മാവിനെ കുറിച്ചു പറയുന്ന പുസ്തകത്തിന് പറ്റിയ പുറം ചട്ടതന്നെ എന്ന് തോന്നുന്നില്ലെ?

ഹാര്‍വാര്‍ഡ് സര്‍വകലാശാലാ ലൈബ്രറിയിലാണ് ഈ പുസ്തകം ഉള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതടക്കം മൂന്ന് പുസ്തകങ്ങളുടെ കവറുകളെ കുറിച്ച് സംശയം ഉയര്‍ന്നിരുന്നു. ഇവയില്‍ രണ്ട് പുസ്തകങ്ങളുടെ പുറം ചട്ടകള്‍ ചെമ്മരിയാടിന്റെ തോലു കൊണ്ട് നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ഈ പുസ്തകത്തിന്റെ പുറംകവര്‍ നിര്‍മിച്ചത് മനുഷ്യന്റെ തോല്‍ കൊണ്ടാണെന്നും ശാസ്ത്രജ്ഞര്‍ ഇന്ന് സ്ഥിരീകരിച്ചു.

പെപ്റ്റൈഡ് മാസ് ഫിംഗര്‍ പ്രിന്റിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുസ്തകത്തിന്‍റെ കവര്‍ മനുഷ്യ ചര്‍മ്മം കൊണ്ട് നിര്‍മിച്ചതാണ് എന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ഫ്രഞ്ച് നോവലിസ്റ്റും കവിയുമായ ആര്‍നെ ഹൌസായിയുടെ Des destines de l'ame എന്ന പുസ്തകത്തിനാണ് ഈ കവര്‍ ഉള്ളത്.
ഇതിന്റെ കവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മനോരോഗിയായ ഒരു സ്ത്രീയുടെ പിന്‍ഭാഗത്തു നിന്ന് എടുത്ത തോലു കൊണ്ട് നിര്‍മിച്ചതാണ് എന്ന് എഴുത്തുകാരന്‍ തന്നെ സൂചിപ്പിച്ചതായി ലൈബ്രറി വൃത്തങ്ങള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :