കുവൈറ്റില്‍ മലയാളികളടക്കം 350 നഴ്സുമാര്‍ ആത്മഹത്യമുനമ്പില്‍

ചെന്നൈ| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (21:06 IST)
കുവൈറ്റില്‍ മലയാളികളടക്കം 350 നഴ്സുമാര്‍ ആത്മഹത്യമുനമ്പില്‍. ബ്ളാക്ക് ലിസ്റ്റില്‍പ്പെടുത്തിയ കമ്പനിയാണെന്ന് വെളിപ്പെടുത്താതെ തങ്ങളെ കുവൈറ്റിലെ കമ്പനി ഗസ്റ്റ് ഹൗസില്‍ തടങ്കലിലിട്ടിരിക്കുകയാണെന്ന് നഴ്സുമാര്‍ ‘വെബ്ദുനിയ’ ലേഖകനോട് വ്യക്തമാക്കി. 350 നഴ്സുമാരില്‍ 150 പേരും മലയാളികളാണ്. ശേഷിക്കുന്നവര്‍ തമിഴ്നാട്ടുകാരും. മലയാളികളില്‍ ഭൂരിപക്ഷവും കോട്ടയത്തുനിന്നുള്ളവരാണ്.

സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ ജി ടി സി വഴിയാണ് കഴിഞ്ഞ
ഒരുവര്‍ഷമായി ഇവര്‍ കുവൈറ്റില്‍ ജോലിചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവധിയില്‍ പോന്ന ഇവരോട് ഓഗസ്റ്റ് 30 ന് ജോലിക്ക് കയറണമെന്ന് അറിയിച്ച് നാട്ടില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഉടന്‍ തിരികെ വന്നില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നറിയിച്ച കമ്പനിക്കാരുടെ ഭീഷണിയെ തുടന്ന് ഇവര്‍ 28ന് വിമാനം കയറി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കായില്ല.

ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങളെ കൊണ്ടുപോയ കമ്പനിയെ അവിടത്തെ മന്ത്രാലയം ബ്ളാക്ക് ലിസ്റ്റില്‍പെടുത്തിരിക്കുകയാണെന്നും കരാര്‍ പുതുക്കാന്‍ ആവില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് നഴ്സുമാര്‍ പറയുന്നു. അവിടത്തെ നിയമപ്രകാരം എഴുപതുശതമാനം ശമ്പളം തൊഴിലാളിയ്ക്ക് നല്‍കണമെന്നാണ്. എന്നാല്‍, ഇരുപത് ശതമാനം മാത്രമാണ് കമ്പനി ഇവര്‍ക്ക് നല്‍കുന്നത്. നിലവില്‍ ജോലിയില്‍നിന്ന് മാറണമെങ്കില്‍ ഇവര്‍ക്ക് റിലീസിംഗ് ഓര്‍ഡര്‍ ലഭിക്കണം.

റിലീസിംഗ് ഓര്‍ഡര്‍ ലഭിച്ചാല്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നാല്‍ റിലീസിംഗ് സര്‍ട്ടിഫിക്കറ്റിന് കമ്പനി ആവശ്യപ്പെടുന്നത് മൂന്നുലക്ഷത്തോളം രൂപയാണ്. തങ്ങളുടെ മോചനത്തിന് ഇന്ത്യന്‍ എംബസി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ഇവരുടെ ദുരിതത്തെക്കുറിച്ച് പുറം‌ലോകം അറിയാതെയിരിക്കാന്‍ കമ്പനിയുടെ തന്നെ ഗസ്റ്റ് ഹൌസില്‍ തടവിലെന്ന വിധമാണ് ഇവരുടെ ജീവിതം. കമ്പനി അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് നഴ്സുമാര്‍ തങ്ങളുടെ ദുരിതം വെബ്ദുനിയയെ അറിയിച്ചത്.

ലക്ഷങ്ങള്‍ മുടക്കിയാണ് ഇവര്‍ കുവൈറ്റില്‍ എത്തിയത്. കൊള്ളപലിശയ്ക്ക് പണം കടമെടുത്തവരും നിരവധിയാണ്. ഭക്ഷണംപോലും നേരാവണ്ണം ലഭിക്കുന്നില്ല. ഗര്‍ഭിണികളടക്കമുള്ളവര്‍ ക്യാമ്പിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് ഉള്ളതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ നഴ്സുമാര്‍ വെബ്‌ദുനിയ ലേഖകനോട് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :