അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 10 മാര്‍ച്ച് 2020 (08:58 IST)
കൊറോണവൈറസിനെ തുരത്താൻ മദ്യപിച്ചാൽ മതിയെന്ന വ്യാജവാർത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ച് ഇറാനിൽ 27 പേർ മരണപ്പെട്ടതായി റിപ്പോർട്ട്.ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ ആർ എൻ എ തന്നെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.ദക്ഷിണ പടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്താനില്‍ 20 പേരും വടക്കന്‍ മേഖലയായ അല്‍ബോര്‍സില്‍ 7 പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്.
സമ്പൂർണമായി മദ്യനിരോധനം നിലനിൽക്കുന്ന ഇറാനിൽ വ്യാജവാർത്ത പ്രചരിച്ചതിനെ തുടർന്ന് ചിലർ വൻതോതിൽ വ്യാജമദ്യം നിർമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ മദ്യം കഴിച്ച് വിഷബാധയേറ്റ് 218 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ഹുന്ദിഷാപുർ മെഡിക്കൽ യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു.സോഷ്യൽ മീഡിയ വഴി മദ്യം കഴിക്കുന്നത് കൊറോണയെ തടയുമെന്ന വാർത്ത വിശ്വസിച്ചാണ് ആളുകൾ വ്യാജമദ്യം വാങ്ങിയത്.
നിലവിൽ ചൈനക്ക് പിന്നിൽ ഏറ്റവുമധികം കൊവിഡ് 19 ബാധിച്ച് മരിച്ചവർ ഇറാനിലാണുള്ളത്. രാജ്യത്ത് 7161 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 237 മരണപ്പെടുകയും ചെയ്‌തു.. മദ്യ ദുരന്തമുണ്ടായ ഖുസെസ്താനില്‍ മാത്രം 16 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.