26/11: റാണ കുറ്റക്കാരനല്ലെന്ന് കോടതി

ചിക്കാഗൊ| WEBDUNIA|
PRO
26/11 മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൌരന്‍ തഹാവുര്‍ ഹുസൈന്‍ റാണ കുറ്റക്കാരനല്ല എന്ന് ചിക്കാഗൊ കോടതി. മുംബൈ ഭീകരാക്രമണ കേസില്‍ കുറ്റക്കാരനല്ലെങ്കിലും ഡെന്‍‌മാര്‍ക്കിലെ ഒരു പത്ര സ്ഥാപനത്തിനു നേര്‍ക്ക് ആക്രമണം നടത്തുന്നതിന് റാണ ലഷ്കര്‍ ഭീകരരെ സഹായിച്ചതായി കോടതി കണ്ടെത്തി.

മുംബൈ ഭീകരാക്രമണ കേസില്‍ റാണ ഗൂഡാലോചനയില്‍ പങ്കാളിയായിരുന്നു എന്നും ഭീകരരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. എന്നാല്‍, റാണയെ ഹെഡ്‌ലി നിരന്തരം വിഡ്ഡിയാക്കുകയായിരുന്നു എന്ന് റാണയുടെ അഭിഭാഷകന്‍ വാദിച്ചു.

ഡെന്‍‌മാര്‍ക്ക് ആക്രമണത്തിന് ലഷ്കര്‍ ഭീകരരെ സഹായിച്ച കുറ്റത്തിന് റാണയ്ക്ക് 30 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടായേക്കും.

ഡെന്‍‌മാര്‍ക്കിലെ ആക്രമണ പദ്ധതിക്ക് വേണ്ടി ഗൂഡാലോചന നടത്തിതും ലഷ്കര്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമാണ് റാണയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

റാണയുടെ വിചാരണ മൂന്ന് ആഴ്ചയോളം നീണ്ടിരുന്നു. 12 അംഗ ജൂറിയാണ് വിചാരണ നടത്തിയത്. വിചാരണ നേരിട്ട മൂന്ന് കേസുകളില്‍ രണ്ടെണ്ണത്തിലും റാണ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :