അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (13:03 IST)
മദ്യപ്പുഴയൊഴുകി, ഒഴുക്കും എന്നെല്ലാം പ്രയോഗങ്ങളിലൂടെ മാത്രം കേട്ടിട്ടുള്ളവരാണ് നമ്മള്‍. എന്നാല്‍ ശരിക്കും അത്തരമൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പോര്‍ച്ഛുഗലിലെ സാവോ ലോറെന്‍കോ ഡിബൈറോയിലെ പ്രദേശവാസികള്‍. നഗരത്തില്‍ ഒരു ഡിസ്റ്റിലറിയില്‍ സൂക്ഷിച്ചിരുന്ന വൈന്‍ ടാങ്ക് പൊട്ടിയതോടെ 22 ലക്ഷത്തോളം ലിറ്റര്‍ വരുന്ന വൈനാണ് നഗരത്തിലൂടെ ഒഴുകിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
അതേസമയം ഇത്രയും വൈന്‍ ഒരുമിച്ച് പുഴകളിലേക്കും ജലാശയങ്ങളിലേക്കും പോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന പശ്ചാത്തലത്തില്‍ വൈന്‍ ഒഴുകിപോകുന്ന ദിശ തിരിച്ചുവിട്ടതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പല വീടുകളുടെയും ബേസ്‌മെന്റ് വൈനില്‍ നിറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ടാങ്ക് പൊട്ടി വൈന്‍ നിരത്തിലൊഴുകിയതില്‍ ക്ഷാമപണവുമായി ലെവിറാ ഡിസ്റ്റിലറി രംഗത്തെത്തി. സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരവും നഗരം വൃത്തിയാക്കുന്നതിന്റെ ചിലവുകള്‍ വഹിക്കാമെന്നും ഡിസ്റ്റിലറി അധികൃതര്‍ അറിയിച്ചു.