സോള്‍|
സജിത്ത്|
Last Modified ചൊവ്വ, 4 ജൂലൈ 2017 (10:06 IST)
വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ജപ്പാന്റെ എക്സിക്ലുസീവ് എക്കണോമിക് സോണിലേക്കായിരുന്നു ഇന്നുരാവിലെ മിസൈൽ വിക്ഷേപിച്ചതെന്നാണ് ജപ്പാൻ മാധ്യമം എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം ദക്ഷിണകൊറിയന്‍ അധികൃതരും സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി
ഉത്തരകൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനീടെയാണ് ഉത്തരകൊറിയയുടെ പ്രകോപനപരമായ ഈ നടപടി. അതേസമയം, ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെയും അമേരിക്കയുടെയും താക്കീതുകളെ വെല്ലുവിളിച്ചാണ് 200 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജപ്പാൻ കടലിൽ യുഎസ്–ജപ്പാൻ സംയുക്ത സൈനികാഭ്യാസം നടന്നതും അതിനു തൊട്ടുമുമ്പായി യുഎസ്–ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടന്നതുമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. പേൾ ഹാർബർ തുറമുഖത്തു കിടന്നിരുന്ന യുഎസ് പടക്കപ്പൽ ഏതാനും ദിവസമായി ദക്ഷിണ കൊറിയൻ തുറമുഖമായ ബുസാനിലുണ്ട്. യുഎസ് പോർവിമാനങ്ങൾ ജപ്പാൻ കടലിനു മീതെ പരീക്ഷണപ്പറക്കലുകളും നടത്തിയിരുന്നു. ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ്, ശത്രുവിന്റെ പടക്കപ്പലുകളെ മിസൈൽ ഉപയോഗിച്ചു തകർക്കാനുള്ള ശേഷി പ്രകടിപ്പിച്ചത്.