യാത്രക്കാരന്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചു

ഒസ്‌ലോ| WEBDUNIA|
ടര്‍ക്കിഷ് എയര്‍‌ലൈന്‍സ് വിമാനം റാഞ്ചാനുള്ള ഒരു യാത്രക്കാരന്റെ ശ്രമം മറ്റു യാത്രക്കാര്‍ ചേര്‍ന്ന് വിഫലമാക്കി. ബുധനാഴ്ച നോര്‍വെയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പറന്ന വിമാനത്തിലായിരുന്നു റാഞ്ചല്‍ നാടകം അരങ്ങേറിയത് എന്ന് ടിവി2 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോയിംഗ് 737-800 വിമാനം ഇസ്താംബൂളില്‍ എത്തുന്നതിന് ഒരു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് യാസര്‍ ക്യൂമ (40) എന്ന യാത്രക്കാരന്‍ വിമാനത്തിന്റെ കോക്‍പിറ്റിനടുത്തേക്ക് നടന്നുചെന്നത്. തന്റെ പക്കല്‍ ബോംബ് ഉണ്ടെന്നും വിമാനം തിരികെ ഒസ്‌ലോയിലേക്ക് വിടണം എന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്.

മുഖം മറച്ചിരുന്ന ഇയാള്‍ ഒരു ഭീകരനാണെന്ന് തോന്നിയെങ്കിലും ബോംബ് എന്ന് പറഞ്ഞ് ശരീരത്ത് ഘടിപ്പിച്ച സാധനം മറ്റെന്തോ ആയിരുന്നു എന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തില്‍ 59 യാത്രക്കാര്‍ ഉണ്ടായിരുന്നു.

എന്നാല്‍, ഭീഷണി മുഴക്കിയ ഉടന്‍ ഇയാളെ നോര്‍വെയില്‍ നിന്നും ടര്‍ക്കിയില്‍ നിന്നുമുള്ള യാത്രക്കാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. വിമാനം ഇസ്താംബൂളില്‍ എത്തിയ ഉടന്‍ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെടുത്തിട്ടില്ല എന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :