യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഡള്ളാസിലെ വീട്ടിലടക്കം നിരവധി ലക്‍ഷ്യങ്ങളില്‍ ബോംബാക്രമണം നടത്താന്‍ ലക്‍ഷ്യമിട്ട സൌദി അറേബ്യന്‍ വംശജനായ വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ വാങ്ങുന്നതിനിടെയാണ് ഇയാള്‍ യുഎസില്‍ അറസ്റ്റിലായത്.
ഖാലിദ് അലി-എം അല്‍ദോസരി എന്ന ഇരുപതുകാരനാണ് പിടിയിലായിരിക്കുന്നത്. ടെക്സാസില്‍ താമസിക്കുന്ന ഇയാള്‍ക്കെതിരെ വിനാശകരമായ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഇയാളുടെ “നൈസ് ടാര്‍ഗിറ്റ്സ്” എന്ന ശീര്‍ഷകത്തിലുള്ള ഇ-മെയിലില്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും ആണവ പ്ലാന്റുകളും ആക്രമണ ലക്‍ഷ്യങ്ങളായി പ്രതിപാദിക്കുന്നുണ്ട്. മറ്റൊരു ഇ-മെയിലില്‍ ബുഷിന്റെ വീടിനെ ‘ഏകാധിപതിയുടെ വീട്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.