ലിബിയയില്‍ ജനകീയപോരാട്ടം കനക്കുന്നതിനിടെ പ്രസിഡന്റ് ഗദ്ദാഫിയുടെ നില പരുങ്ങലിലായിരിക്കുകയാണ് . അതിനിടെ അദ്ദേഹത്തിന്റെ ഉക്രൈന്‍കാരി നേഴ്സും നാട്ടിലേക്ക് തിരിച്ചുപോയി. ലിബിയയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ തിരിച്ചുപോകുന്നതിനിടെ ഒരു നേഴ്സ് പോയതില്‍ എന്തുകാര്യമെന്നാണോ?
ഗദ്ദാഫിയെ വിട്ടുപിരിയാതെ സദാസമയവും കൂടെയുണ്ടായിരുന്നയാളാണ് ഗല്യാന കൊളോനിസ്റ്റ്ക എന്ന് പേരുള്ള ഈ നേഴ്സ്. ഗദ്ദാഫിയ്ക്ക് ഇവരെക്കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് എല്ലാ രഹസ്യങ്ങളും മണത്തറിയുന്ന വിക്കി ലീക്സ് മുമ്പേ തന്നെ പറഞ്ഞിട്ടുള്ളതാണ്.
ഞായറാഴ്ചയാണ് അവര്‍ നാട്ടിലെത്തിയത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മനാട്ടില് തിരിച്ചെത്തിയതോടെ മദാലസയായ തവിട്ട് നിറക്കാരിയെ ഒരു നോക്ക് കാണാനുള്ള ശ്രമത്തിലാണ് അവിടുത്തെ മാധ്യമങ്ങള്‍. എന്നാല്‍ ഗല്യാന ആര്‍ക്കും പിടികൊടുത്തിട്ടില്ല. ലിബിയയില്‍ നിന്നു മടങ്ങിയ ഉക്രൈയിന് സ്വദേശികള്‍ക്കൊപ്പമാണ് ഇവരും പോയത്. വിമാനത്താവളത്തിലെത്തിയ ഗല്യാനയെ ബന്ധുക്കള്‍ രഹസ്യമായി പുറത്തുകടത്തുകയായിരുന്നു.
ഗദ്ദാഫിയുടെ രഹസ്യം സൂക്ഷിപ്പുകാരിയായ ഗല്യാന ബ്രൊവറിയ്ക്കടുത്തുള്ള കെയ്വില്‍ ഉള്ളതായാണ് അറിയുന്നത്. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് അവരുടെ വീടിന് മുന്നില്‍ ചുറ്റിക്കറങ്ങുന്നത്. തന്റെ അമ്മ വിശ്രമിക്കുകയാണെന്നും ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്നും അറിയിച്ച് ഇവരുടെ മകള്‍ തെത്യാന എല്ലാവരെയും പറഞ്ഞുവിടുകയാണ്. വീട്ടിലെത്തിയ ചിലരോട് ഗല്യാനയുടെ മാതാവ് ഐറിന കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
ലിബിയയിലേക്ക് ഇനി തിരിച്ചു പോകുന്നില്ലെന്ന് ഗല്യാന അറിയിച്ചതായി ഒരു ഉക്രൈന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ശല്യപ്പെടുത്തരുതെന്നും താന്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാണെന്നും അവര്‍ പറഞ്ഞതായി മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വസ്തര്‍ ഓരോരുത്തരായി കൂറുമാറുന്നതിനിടെ പ്രിയപ്പെട്ട നേഴ്സിന്റെ മടങ്ങിപ്പോക്ക് ഗദ്ദാഫി എങ്ങനെ ഉള്‍ക്കൊള്ളുമെന്നറിയില്ല.