ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ‘വിജയം’; ലോകം ആശങ്കയില്‍
സോള്‍|
WEBDUNIA|
PRO
PRO
ഐക്യരാഷ്ട്രസഭയുടേയും യു എസിന്റേയും മുന്നറിയിപ്പുകള്‍ മറികടന്ന് ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണം വിജയമായിരുന്നു എന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചു. ഇത് ഉത്തരകൊറിയയുടെ മൂന്നാം ആണവപരീക്ഷണമാണ്. 2006ലും 2009ലും അവര്‍ ആണവപരീക്ഷണം നടത്തിയിരുന്നു.
പരീക്ഷണത്തെ തുടര്‍ന്ന് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രാദേശിക സമയം രാവിലെ 11.57 നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഉത്തര കൊറിയ ആണവപരീക്ഷണം നടത്തുന്ന മേഖലയില്‍ ആയിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതോടെയാണ് ആണവ പരീക്ഷണം നടന്നതായുള്ള സംശയങ്ങള്‍ ഉടലെടുത്തത്. ഭൂകമ്പമാപിനികളിലെ രേഖകള്‍ പരിശോധിച്ച് ദക്ഷിണകൊറിയയും ചൈനയുമാണ് സംശയങ്ങളുമായി രംഗത്തെത്തിയത്.
വീണ്ടും ആണവപരീക്ഷണവും ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണവും നടത്തുമെന്ന് ഉത്തരകൊറിയ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐക്യരാഷ്ട്രയുടെ വിലക്ക് ലംഘിച്ച് ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്തു. അമേരിക്കയെ ലക്ഷ്യമാക്കിയാണ് പരീക്ഷണങ്ങള്‍ എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കി.
ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ശത്രുത നിലനില്‍ക്കുന്നതിനിടെയാണ് ഈ പരീക്ഷണങ്ങള്‍ എന്നതും ചേര്‍ത്ത് വായിക്കാം. ഉത്തര, ദക്ഷിണ കൊറിയകള്‍ ഒരു രാജ്യമാണെന്ന നിലപാടാണ് ഉത്തര കൊറിയയുടേത്.
യു എസിനോടുള്ള പ്രതിഷേധവും പ്രതികാരവും അടങ്ങുന്ന ‘സ്വപ്ന’ വീഡിയോ ഉത്തര കൊറിയയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു സാങ്കല്‍പ്പിക മിസൈല്‍ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് നഗരം കത്തിച്ചാമ്പലാകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തെ ശക്തമായി എതിര്‍ക്കുന്ന യുഎസ് അവര്‍ക്ക് മേല്‍ സാമ്പത്തികഉപരോധം കര്‍ശനമാക്കിയിട്ടുണ്ട്.