ബുദ്ധ സംസ്കാരത്തിന്‍റെ പ്രൌഢിയും ഗാംഭീര്യവും വിളിച്ചോതുന്ന അപൂര്‍വം നഗരങ്ങളില്‍ ഒന്നാണ് ശ്രാവസ്തി. പുരാതന കോസല സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഈ നഗരം. ഇവിടെ വച്ചായിരുന്നു ശ്രീബുദ്ധന്‍ തന്‍റെ എതിരാളിയുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടതും അനുയായികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതും എന്നാണ് കരുതുന്നത്.
രാമായണത്തിലെ രാമപുത്രനായ ലവനാണ് ഈ നഗരം സൃഷ്ടിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമന്‍ കോസല സാമ്രാജ്യത്തെ രണ്ടായി വിഭജിക്കുകയും ലവന് ശ്രാവസ്തിയും കുശന് കുശാവതിയും നല്‍കി എന്നുമാണ് പുരാണ ഭാഷ്യം.
ബുദ്ധന്‍റെ ജീവിതകാലം മുതലേ ബുദ്ധ ആശയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചിരുന്ന സ്ഥലമായിരുന്നു ശ്രാവസ്തി. ബുദ്ധകലകള്‍ക്ക് ഈ ദേശം വളരെയധികം പ്രചാരം നല്‍കിയിരുന്നു. ബുദ്ധന്‍ പല ശരത്കാലങ്ങളും ചെലവഴിച്ചിരുന്നത് ഇവിടെയാണത്രെ. ബുദ്ധന്‍ 25 വര്‍ഷത്തോളം ഇവിടെ കഴിഞ്ഞതായി കരുതുന്നു. ഗൌതമ ബുദ്ധന്‍റെ കാലത്ത് ഇന്ത്യയിലെ വലിയ ആറ് നഗരങ്ങളില്‍ ഒന്നായിരുന്നു ശ്രാവസ്തി.
നിരവധി ബുദ്ധക്ഷേത്രങ്ങളുടെ സ്ഥലമാണ് ശ്രാവസ്തി. കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗോണ്ഡ, ബഹ്രായിച്ച് ജില്ലകളിലാണ് ശ്രാവസ്തി സ്ഥിതിചെയ്യുന്നത്. സാഹേത്, മാഹേത് അതിര്‍ത്തികളാല്‍ ഈ സ്ഥലം വേര്‍തിരിക്കപ്പെടുന്നു. രപ്തി നദിയുടെ തീരത്താണ് ഈ പുണ്യദേശം.
WEBDUNIA|
നിരവധി ചെറു മന്ദിരങ്ങളുടെ ഒരു നിരയാണ് സാഹേത്. പക്കിക്കുടി, കച്ചിക്കുടി എന്നിവ സാഹേതിലെ ഏതാനും സ്തൂപങ്ങളാണ്. 32 ഏക്കര്‍ വരുന്ന നഗരപ്രദേശത്തെയാണ് സാഹേത് അതിര്‍ത്തി വേര്‍തിരിക്കുന്നത്.