ദൃശ്യവിസ്മയം തീര്‍ക്കുന്ന എലഫന്‍റാ

PROPRO
ഗുഹാക്ഷേത്രങ്ങള്‍ എന്നും ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകത്തില്‍ അനന്യമായ സ്ഥാനം നേടിയവയാണ്. എലഫന്‍റാ ഗുഹകള്‍ പ്രൌഢിയിലും ആകര്‍ഷണീയതയിലും ഒട്ടും പിറകിലല്ല.

മുംബൈയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് എലഫന്‍റാ‍. ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപാണിത്. ബി സി അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയെന്ന് കരുതുന്ന ഗുഹാക്ഷേത്രങ്ങളാണ് ഇവിടേയ്ക്ക് ചരിത്രാന്വേഷണ കുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്നത്.

നേരത്തെ ഖാരപുരി എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപിന് പോര്‍ച്ചുഗീസുകാരാണ് എലഫന്‍റാ എന്ന പേര് നല്‍കിയത്. ഇവിടെനിന്ന് വലിയൊരു ആനയുടെ പ്രതിമ കണ്ടെടുത്തതിനാലായിരുന്നത്രെ ഇത്. കല്ലില്‍ തീര്‍ത്ത നിരവധി ശിവക്ഷേത്രങ്ങള്‍ ഇവിടത്തെ ശിലാഗുഹകളില്‍ കാണാം. വലിയ പാ‍റകള്‍ തുരന്ന് ഉണ്ടാക്കിയ സ്തൂപങ്ങളും ശില്പങ്ങളും സഞ്ചാരികളെ ഇന്നും അതിശയിപ്പിക്കുന്നു.

ഏതാണ്ട് 60000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഗുഹാക്ഷേത്രങ്ങള്‍ ആരുടെയും മനസ്സില്‍ അത്ഭുത മഴ പെയ്യിക്കും. ഒരു പ്രധാന പ്രതിഷ്ഠയും അതിനോടനുബന്ധിച്ചുള്ള മറ്റ് ഉപ പ്രതിഷ്ഠകളുമാണ് ഇവിടത്തെ ക്ഷേത്രത്തിന്‍റെ പ്രത്യേകത. ക്ഷേത്രത്തിലേക്ക് പ്രധാനമായും മൂന്ന് കവാടങ്ങളാണുള്ളത്. വലിയൊരു ഹാള്‍ ഈ കവാടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു.

മൂന്ന് ശിരസ്സോട് കൂടിയ ഇരുപതടി ഉയരമുള്ള ശിവലിംഗം ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ഇന്ത്യന്‍ ശില്‍പകലയുടെ മഹിമയും പ്രൌഢിയും വിളിച്ചോതുന്നതാണ് ഈ ത്രിമൂര്‍ത്തി സദാശിവ ശില്‍പം. യഥാര്‍ത്ഥത്തില്‍ ഈ ശില്‍പം പഞ്ചമുഖ ശിവനെയാണത്രെ പ്രതിനിധാനം ചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ ദക്ഷിണ ഭാഗത്തുള്ള ചുമരുകള്‍ പൂര്‍ണ്ണമായും ശില്‍പാലങ്കൃതമാണ്. കല്യാണസുന്ദര, ഗംഗാധര, അര്‍ദ്ധനാരീശ്വര, ഉമാമഹേശ്വര ശില്പങ്ങള്‍ ഇവിടെ കാണാം. വടക്കുനിന്നുള്ള കവാടത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി നടരാജ, അന്ധകാസുരവധമൂര്‍ത്തി എന്നിവയും കിഴക്ക് ഭാഗത്ത് യോഗീശ്വര, രാവണാനുഗ്രഹമൂര്‍ത്തി എന്നിവയും കാണാം.

WEBDUNIA| Last Modified വെള്ളി, 6 മാര്‍ച്ച് 2009 (20:26 IST)
പോര്‍ചുഗീസുകാരുടെ അതിക്രമങ്ങളില്‍ ഇവിടത്തെ പല ശില്‍പങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കാലത്തിന് കീഴടക്കാനാവാത്ത ഗാംഭീര്യത്തോടെ ഖാരപുരി ശിലാഗുഹ ക്ഷേത്രങ്ങള്‍ ഇന്നും വിനോദസഞ്ചാരികളെയും തീര്‍ത്ഥയാത്രികരേയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :