WEBDUNIA|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2009 (12:38 IST)
PRO
PRO
കേട്ടാല്‍ മനസിനെ ദേശഭക്തിയില്‍ ആറാടിക്കുന്ന ‘വന്ദേമാതരം’ എന്ന ഗാനം എത്രയോ ഗായകര്‍ പാടി ഫലിപ്പിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ ‘വന്ദേമാതരം’ പതിപ്പ് വലിയ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ വന്ദേമാതാരം എന്ന ദേശീയഗാനം ഒരു ബംഗാളി നോവലില്‍ നിന്നെടുത്തതാണെന്ന് എത്രപേര്‍ക്കറിയാം? ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ ആനന്ദമഠില്‍ നിന്നാണ് ഭാരതം അതിന്റെ ദേശീയഗാനം കടമെടുത്തത്.
ബംഗാളിലെ പ്രമുഖ നോവലിസ്റ്റും പത്തൊമ്പതാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യന്‍ നോവലിസ്റ്റുമായിരുന്നു ബങ്കിം ചന്ദ്രചാറ്റര്‍ജി. 1838 ജൂണ്‍ 26 ന് ബങ്കിം ചന്ദ്ര ജനിച്ചു. 1894 ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹം അന്തരിച്ചത്.
രാഷ്ട്രീയ പ്രചോദിതമായ ആനന്ദമഠ് എന്ന നോവലിലാണ് വന്ദേമാതരം എന്ന ഗാനശകലം ഉള്ളത്. രാജ്യസ്നേഹികള്‍ ആ ഗാനത്തെ നെഞ്ചോട് ചേര്‍ത്ത് നടന്നു. ഇന്ത്യയുടെ ദേശീയ ഗാനങ്ങളില്‍ ഒന്നാണത്. ആകാശവാണി പരിപാടികള്‍ ആരംഭിക്കുന്നത് ഈ മാതൃവന്ദനത്തോടെയാണ്, ഇന്നും.
ടാഗോറിന് മുമ്പ് ബംഗാളി ജനത ലക്ഷണമൊത്ത നോവല്‍ വായിച്ചു തുടങ്ങിയത് ബങ്കിം ചന്ദ്രയുടെ വരവോടെയാണ്. ‘രാജ്‌മോഹന്റെ ഭാര്യ’ (1864) എന്ന അദ്ദേഹത്തിന്റെ ഇംഗ്ലീഷ് നോവല്‍ വേണ്ടത്ര ഫലിച്ചില്ല.
‘ദുര്‍ഗ്ഗേശ നന്ദിനി’ എന്ന ബംഗാളി നോവല്‍ അക്കാലത്തെ സാഹിത്യലോകത്തെ പിടിച്ചുകുലുക്കി. 1866ല്‍ ‘കപാല്‍ കുണ്ഡല’ എന്നൊരു നോവല്‍ എഴുതി. മൂന്നാമത്തെ നോവലായ ‘മൃണാളിനി’യിലാണ് ആദ്യമായി രാജ്യസ്നേഹത്തിന്റെ ധ്വനികള്‍ ഉണ്ടാകുന്നത്.
1872 ല്‍ അദ്ദേഹം ബംഗ്‌ളാ ദര്‍ശന്‍ മാസികയുടെ എഡിറ്ററായി. പിന്നെയാണദ്ദേഹം സാമൂഹിക പ്രസക്തിയുള്ള ഇന്ദിര, ബിഷ് ബുക്ഷ എന്നിവ എഴുതിയത്. ഒറീസയില്‍ വച്ചാണ് ‘ദേവീ ചന്ദ്രധാരിണി’ (1884) എന്ന പതിമൂന്നാമത്തെ നോവല്‍ രചിക്കുന്നത്. 1887ല്‍ ‘സീതാറാം’ എന്ന അവസാന നോവല്‍ പ്രസിദ്ധീകൃതമായി.
ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് 1892ല്‍ റായ് ബഹാദൂര്‍ സ്ഥാനം നല്‍കി ആദിരിച്ചിരുന്നു.
പാരഗണാസ് ജില്ലയില്‍ പെട്ട നൈഹതിയിലെ കതാല്‍പരയിലാണ് ബങ്കിം ചന്ദ്രിന്റെ ജനനം. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നി അദ്ദേഹം ഡപ്യൂട്ടി മജിസ്‌ട്രേട്ടായി വിവിധ ജില്ലകളില്‍ ജോലി ചെയ്തു.
സംസ്കൃതത്തിലെഴുതിയ ബംഗാളി ഗാനമാണ് വന്ദേമാതരം എന്ന് പറയുന്നത്. കേട്ടാല്‍ സംസ്കൃതമാണ്. എന്നാല്‍ അതില്‍ നിറയെ ബംഗാളിയുണ്ട്. മല്ലാള്‍ കവ്വാലി താളത്തിലാണത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഈശ്വര്‍ ചന്ദ്ര വിദ്യാ സാഗറിന്റെ കീഴില്‍ അദ്ദേഹം പഠിച്ചു. പ്രമുഖ ബംഗാളി നാടകകൃത്ത് ദീനബന്ധുമിത്ര, കവി ഹേമചന്ദ്ര ബാനര്‍ജി എന്നിവര്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. രബീന്ദ്രനാഥ ടാഗോര്‍, നളിന്‍ ചന്ദ്ര ബെന്‍ എന്നിവര്‍ ബങ്കിമിന്റെ ഉപദേശം കേട്ട് വളര്‍ന്നവരാണ്.