ഇന്ത്യന്‍ സിനിമയ്ക്ക് ഒരു ചരിത്രമുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ ഒട്ടേറെ ചരിത്ര സിനിമകളും ഉള്‍പ്പെടും. ബ്രിട്ടീഷ് മേധാവിത്വത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയായിട്ട് 60 വര്‍ഷം തികയുകയാണ്.
ബ്രിട്ടീഷ് ഭരണസമയത്തുണ്ടായിരുന്ന അരാജകത്വവും അഴിമതിയും അക്രമവാസനകളും നിറഞ്ഞൊഴുകിയ നിരവധി പത്രമാധ്യമങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നെങ്കിലും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം തുലോം വിരളമായിരുന്നു.
എങ്കിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനുശേഷം ശക്തിയാര്‍ജ്ജിച്ച ദൃശ്യമാധ്യമങ്ങള്‍ ബ്രിട്ടീഷ് മേധാവിത്വം ഇന്ത്യയില്‍ വരുത്തിത്തീര്‍ത്ത വിനകളെ വിമര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു.
ഇന്നത്തെപ്പോലെ ടെലിവിഷന്‍ ജനകീയമായ ഒരു കാലഘട്ടമല്ല അതെന്നോര്‍ക്കുക. ആ കാലത്ത് ബ്ളാക് ആന്റ് വൈറ്റ് ചിത്രങ്ങളായിരുന്നു കൂടുതലും. ടെലിവിഷന്‍ വാര്‍ത്തകളോ ഹ്രസ്വ ചിത്രങ്ങളോ കുറവായിരുന്ന ആ കാലത്ത് ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാന്‍ സിനിമകളേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.
സ്വാതന്ത്ര്യസമര ത്യാഗങ്ങളെയും ബ്രീട്ടീഷ് മേധാവിത്വത്തിന്‍െറ പൊള്ളത്തരങ്ങളെയും അപഗ്രഥിക്കാനുള്ള സിനിമകള്‍ നമുക്ക് പൊതുവെ കുറവായിരുന്നു. പുരാണേതിഹാസങ്ങളും ചരിത്രപുരുഷന്മാരുടെ അപദാനങ്ങളും വടക്കന്‍ പാട്ടിലെ വീരകഥകളും അടങ്ങിയ സിനിമകളില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധമില്ലെങ്കിലും അവയിലൊക്കെ അടങ്ങിയ സ്വാതന്ത്ര്യവാഞ്ച പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വാതന്ത്ര്യ സമരത്തെയും സത്യാഗ്രഹങ്ങളെയും കുറിച്ചുള്ള ഫിലിംസ് ഡിവിഷന്‍െറ നിരവധി ഡോക്യുമെന്ററി ചിത്രങ്ങള്‍ അക്കാലത്തെ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ദേശസ്നേഹികള്‍ക്കും ആവേശം പകര്‍ന്നതോടൊപ്പം "ഭാരതീയര്‍' എന്ന അഭിമാനം നിലനിര്‍ത്താന്‍ വഴിയൊരുക്കുക കൂടി ചെയ്തു.
ബ്രീട്ടിഷ് മേധാവിത്വത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചുമൊക്കെ എണ്ണിപ്പറയാന്‍ പറ്റാത്തത്രയൊന്നുമധികം ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ല. ഇതില്‍ 1951- ല്‍ വി കൃഷ്ണന് സംവിധാനം ചെയ്ത "കേരളകേസരി' ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു.