തിരുവനന്തപുരം |
WEBDUNIA|
Last Modified ബുധന്‍, 5 ഡിസംബര്‍ 2007 (19:41 IST)
ദയയും ദാക്ഷിണ്യവും വര്‍ണവിവേചനത്തിനില്ല. വിചാരത്തിലുപരി വികാരമാണ് അതിനെ ഭരിക്കുന്നത്. ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന കേരള രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഗുഡ്‌ബൈ ബഫാന കാണികളെ വര്‍ണ വിവേചനത്തിന്‍റെ തീക്ഷ്‌ണത അറിയിച്ച് അസ്വസ്ഥരാക്കുമെന്ന കാര്യം ഉറപ്പാണ്.
ലോക സിനിമ വിഭാഗത്തിലാണ് ബില്ലി അഗസ്റ്റിയുടെ ഈ സിനിമ പ്രദര്‍ശിപ്പിക്കുക. അമ്മ മറ്റൊരു യുവാവിന്‍റെ ഒപ്പം ചേര്‍ന്ന് ജീവിതം ആരംഭിച്ചപ്പോള്‍ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്‌നത്തിലായ 12 വയസ്സുക്കാരന്‍റെ കഥ പറയുന്ന ബാള്‍ റൂം ഡാന്‍സാണ് മനസ്സില്‍ സംഘര്‍ഷമുണ്ടാക്കുന്ന മറ്റൊരു ചിത്രം. ‘ ഇരയുടെയും വേട്ടക്കാര‘ന്‍റെയും(ബലാത്സംഗം ചെയ്‌ത വ്യക്തിയുടെയും ബലാത്സംഗത്തിന് ഇരയായ യുവതിയുടെയും) കഥ പറയുന്ന ചൈനീസ് സംവിധായകന്‍ ലീയുവിന്‍റെ ലോസ്റ്റ് ഇന്‍ ബീജിങ്ങ്,
പ്രണയത്തിന്‍റെ തീക്ഷ്‌ണതക്ക് മുമ്പില്‍ കാമുകന്‍റെ അന്ധത ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന തമര്‍ വാന്‍ ഡെന്‍ഡോപിന്‍റെ ബ്ലൈന്‍ഡ്, ബാല്യത്തിലെ സൌഹൃദം വളര്‍ന്നപ്പോള്‍ ശത്രുതയായി മാറിയ കഥയായ അസൂര്‍ ആന്‍ഡ് അസ്‌മറില്‍ മൈക്കിള്‍ ഓസിലിറ്റ് തുടങ്ങി മനുഷ്യ മനസ്സിന്‍റെ സങ്കീര്‍ണതയിലൂടെ സഞ്ചാരം നടത്തുന്ന 60 ലോക സിനിമകളായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കുക.
50 രാജ്യങ്ങളില്‍ നിന്നായിരിക്കും ഇത്രയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇവയില്‍ 56 ഉം ഏറ്റവും പുതിയ ചിത്രങ്ങളാണ്. പത്ത് ചിത്രങ്ങളുടെ ഇന്ത്യയിലെയും രണ്ട് ചിത്രങ്ങളുടെ ഏഷ്യയിലെയും തന്നെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. വിവിധ രാജ്യങ്ങളുടെ സംയുക്ത സംരഭമാണ് 20 ചിത്രങ്ങള്‍.