പ്രശസ്ത മോഡലും നടിയുമായ പാരിസ് ഹില്‍ട്ടണ്‍ ഇപ്പോള്‍ ഒരു പരസ്യ വിവാദത്തിന്റെ നടുവിലാണ്. മദ്യപാനാഘോഷങ്ങളിലൂടെ ചൂടന്‍ വാര്‍ത്തകളുണ്ടാക്കുന്ന പാരിസ് അഭിനയിച്ച ഒരു ബിയര്‍ പരസ്യം ബ്രസീലില്‍ വന്‍ വിവാദത്തിനു കാരണമായിരിക്കുന്നു.
പരസ്യത്തില്‍ 29 കാരിയായ സുന്ദരി കറുത്ത, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഓഫീസില്‍ വച്ച് ഒരു ക്യാന്‍ ‘ദെവാസ’ ബിയര്‍ എടുത്ത് സ്വന്തം ശരീരത്തില്‍ ഉരസുന്നതും അവരുടെ ചലനങ്ങള്‍ വെളിയിലുള്ളവര്‍ അതീവ താല്‍പ്പര്യത്തോടെ സൂക്ഷിച്ചു നോക്കുന്നതുമാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പരസ്യം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബ്രസീലിലെ വനിതാ സെക്രട്ടറിയേറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പരസ്യം സ്ത്രീകള്‍ക്കാകമാനം അപകീര്‍ത്തികരമാണെന്നും സ്ത്രീകളുടെ മൂല്യങ്ങള്‍ തകര്‍ത്തെറിയുന്നതാണെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
എന്നാല്‍, പാരിസ് വസ്ത്രധാരണത്തില്‍ പിശകൊന്നും കാട്ടിയിട്ടില്ല എന്ന് വിമര്‍ശകര്‍പോലും സമ്മതിക്കുന്നു. ആവശ്യത്തിന് വസ്ത്രമുണ്ടെങ്കിലും ലൈംഗികതയുണര്‍ത്തുന്ന ചലനങ്ങള്‍ അതിരുവിട്ടു എന്നാണ് ഇവരുടെ പരാതി. എന്തായാലും, പാരിസ് ഈ ബിയറിന്റെ ലോഞ്ച് പാര്‍ട്ടിയില്‍ അമിതമയി മദ്യപിച്ചതും വസ്ത്രങ്ങള്‍ക്ക് സ്ഥാനചലനം സംഭവിച്ചതും നേരത്തെ ചൂടന്‍ വാര്‍ത്തയായിരുന്നു.
അതേസമയം, നെറ്റിലെ പരസ്യങ്ങളില്‍ പാരിസ് കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. നെറ്റ് പരസ്യങ്ങളില്‍ അടിവസ്ത്രവും ഹൈഹീല്‍ഡ് ചെരുപ്പും ധരിച്ചിരിക്കുന്ന മോഡലിനെയാവും കാണാന്‍ സാധിക്കുക.