പ്രണയം തിരിച്ചറിഞ്ഞു, അവര്‍ കാത്തിരുന്നു - ബിഫോര്‍ സണ്‍റൈസ്

മാര്‍ട്ടിന്‍ സ്റ്റീഫന്‍| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (17:28 IST)
നെടുങ്കന്‍ ഡയലോഗുകള്‍ ബോറടിപ്പിച്ചിട്ടുള്ള നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മനോഹരമായ ഡയലോഗുകളില്‍ കൂടി മാത്രം ഒരു കഥ പറയാന്‍ സാധിച്ചാലോ? അത്തരത്തിലുള്ള ഒരു സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ബിഫോര്‍ സണ്‍റൈസ് (1995).

ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ഓസ്കറിലും തരംഗമായ ബോയ്ഹുഡിന്റെ സംവിധായകന്‍ റിച്ചാര്‍ഡ് ലിംഗ്ലേറ്റര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിംഗ്ലേറ്ററിന്റെ മറ്റ് ചിത്രങ്ങളിലേതു പോലെ തന്നെ വളരെ റിയലിസ്റ്റിക്കായ ട്രീറ്റ്മെന്റാണ് ഈ ചിത്രത്തിനുമുള്ളത്.

യൂറോപ്പില്‍ യാത്ര ചെയ്യുന്നതിനിടെ ജെസ്സി എന്ന അമേരിക്കന്‍ ചെറുപ്പക്കാരന്‍ സെലീന്‍ എന്ന ഫ്രഞ്ച് യുവതിയെ ട്രെയിനില്‍ വെച്ച് കണ്ടുമുട്ടുന്നു. ട്രെയിനില്‍ വച്ച് സെലീനുമായി സൌഹൃദത്തിലാകുന്ന ജെസി വിയന്നയില്‍ തന്നോടൊപ്പം ഇറങ്ങാന്‍ ആവശ്യപ്പെടുന്നു. വിയന്നയില്‍ ഇറങ്ങുന്ന അവര്‍ ആ ദിവസം സിറ്റിയില്‍ ചുറ്റിക്കറങ്ങിയും സംസാരിച്ചും ചിലവഴിക്കുന്നു. പ്രണയത്തിലാണെന്ന് ഇരുവരും സ്വയം മനസ്സിലാക്കുന്നു. എന്നാല്‍ പിറ്റേദിവസം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അവരവരുടെ നമ്പറുകള്‍ കൈമാറേണ്ടെന്ന് ഇരുവരും തീരുമാനിക്കുന്നു. പകരം ആറ് മാസത്തിനു ശേഷം അതേ സ്ഥലത്ത് കാണാമെന്ന് തീരുമാനിച്ച് പിരിയുന്നു.



1989ല്‍ ഫിലാഡല്‍ഫിയയിലെ ടോയ് ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ ഒരു യുവതിയില്‍ നിന്നാണ് സംവിധായകന്‍ ലിംഗ്ലാറ്ററിന് ഇത്തരത്തിലൊരു ചിത്രം നിര്‍മ്മിക്കാന്‍ പ്രചോദനം ലഭിച്ചത്. ജെസ്സിയുടേയും സെലീനിന്റെയും സംഭാഷണങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ നല്ലൊരു എഴുത്തുകാരി വേണമെന്ന് മനസ്സിലാക്കിയ ലിംഗ്ലേറ്റര്‍ കിം കിര്‍സാനെ സഹ എഴുത്തുകാരിയായി തെരഞ്ഞെടുക്കുകയായിരുന്നു. ചിത്രം കാണുന്നവര്‍ക്ക് കിം തന്റെ ജോലി മികച്ച രീതിയില്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. പതിനൊന്ന് ദിവസങ്ങള്‍ കൊണ്ടാണ് കിം കിര്‍സാനും ലിംഗ്ലേറ്ററും സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

സിനിമയ്ക്ക് തുടര്‍ച്ചയായി ബിഫോര്‍ സണ്‍സെറ്റ്, ബിഫോര്‍ മിഡ്നൈറ്റ് എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി പുറത്തിറങ്ങിയിട്ടുണ്ട്. നായികാനായകന്മാര്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന തരത്തിലാണ് ബിഫോര്‍ സണ്‍സെറ്റ്. ചിത്രത്തില്‍ പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണ് ഉള്ളത്. ജെസ്സിയായി ഈഥന്‍ ഹൌക്കും സെലീനായി ജൂലി ഡെല്‍ഫിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ചിത്രം 2.5 മില്യണ്‍ ഡോളറിന്റെ ചെറിയ ബഡ്‌ജറ്റിലാണ് പൂര്‍ത്തിയായത്. 363 തിയറ്ററുകളില്‍ നിന്നായി ആദ്യ ആഴ്ച തന്നെ 1.4 മില്യണ്‍ ഡോളര്‍ ചിത്രം നേടി. ബോക്സോഫീസില്‍ നിന്ന് ചിത്രം 5.5 മില്യണ്‍ ഡോളറും നേടി. ചിത്രം നാല്‍പ്പത്തഞ്ചാമത് ബര്‍ലിന്‍ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ ബിയര്‍ അവാര്‍ഡ് ലിംഗ്ലേറ്റര്‍ നേടി. ചിത്രം സണ്‍ ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :