ഇറ്റലി പയ്യെ തിന്ന്...തിന്ന്

PROPRO
മുന്നേറ്റക്കാരന്‍ ടോട്ടിയും പ്രതിരോധ താരം അല്കെ‌സാന്ദ്രോ നെസ്റ്റയും വിരമിച്ചതിനു ശേഷം പരമ്പരാഗത ശൈലിയായ 4-3-3 ല്‍ നീങ്ങുന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ കപ്പലില്‍ വെള്ളം കയറിയതായിട്ടായിരുന്നു വിമര്‍ശനം. ലോകകപ്പ് ജയിച്ചതിന്‍റെ രണ്ട് മാസങ്ങള്‍ക്ക് ശേഷം നടന്ന യൂറോപ്യന്‍ യോഗ്യതാറൌണ്ടിലെ ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് 3-1 ന് തോല്‍‌‌വി, ലിത്വനിയയുമായി 1-1 സമനില. ഇറ്റാലിയന്‍ ടീമിന്‍റെ വെടി തീര്‍ന്നെന്ന് എല്ലാവരും കരുതി.

എന്നാല്‍ അടുത്ത മത്സരങ്ങളെല്ലാം ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍‌മാരായി തന്നെ അവര്‍ യോഗ്യത സമ്പാദിച്ചു. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്‍റെ ഈ രീതി ഇതാദ്യമല്ല. ലോകകപ്പിലും പതിയെ തുടങ്ങി കത്തിക്കയറിയവരാണ് ഇറ്റലി. ഒടുവില്‍ കപ്പുമായി തന്നെ മടങ്ങി.

എ എസ് റോമയുടെ ദേശീയ ടീമില്‍ നിന്നും വിരമിച്ച നായകന്‍ ഫ്രാന്‍സിസ്സ്കോ ടോട്ടി, എ സി മിലാന്‍ താരം ഫിലിപ്പോ ഇന്‍സാഗി, ഇന്‍ററിന്‍റെ ഗ്വിലാര്‍ഡീനോ എന്നീ പ്രമുഖരൊന്നും യൂറോ ടീമില്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇറ്റാലിയന്‍ ടീമിന്‍റെ ശക്തി. പ്രതിരോധ ഫുട്ബോള്‍ കലയാക്കിയ അവരുടെ നിരയില്‍ ഒട്ടേറെ വെടിക്കോപ്പുകളാണ് ഉള്ളത്.

മാഴ്‌സലോ ലിപ്പിക്കു പിന്നാലെ പരിശീലകനായെത്തിയ ഡോണാഡോണിയുടെ ടീം കപ്പുമായി മടങ്ങുമെന്ന് തന്നെ ആരാധകര്‍ കരുതുന്നു. കമറാന്നൊസി, പിര്‍ലോ, മാറ്റരാസി, ഗ്രോസ്സോ, കന്നവാരോ, ബഫണ്‍, ലൂക്കാടോണി, ദെല്‍‌പീയറോ, മാസ്സിമോ അംബ്രോസിനി വരെ ശേഖരം വര്‍ദ്ധിക്കുകയാണ്. സീരി എ യിലും പുറത്തും തിളങ്ങിയ പ്രതിഭധനന്‍‌മാരാണ് ടീമില്‍.

WEBDUNIA|
സാംപ്ദോറിയയുടെ താരം അന്‍റോണിയോ കസാനോ ആണ് ടീമിലെ അത്ഭുതം. ഇറ്റാലിയന്‍ സീരി എയില്‍ 10 ഗോളുകള്‍ 22 മത്സരങ്ങളില്‍ നിന്നും അടിച്ചു കൂട്ടിയ ഈ 24 കാരന്‍ 2006 സെപ്തംബറില്‍ ഫ്രാന്‍സിനെതിരെ യോഗ്യതാ മത്സരം കളിച്ച ശേഷം ആദ്യമായിട്ടാണ് ടീമില്‍ എത്തുന്നത്. 33 കാരനായ യുവന്‍റസ് നായകന്‍ ദെല്‍ പീയറോയെ ഉള്‍പ്പെട്ടപ്പോള്‍ ഫിലിപ്പോ ഇന്‍സാഗിയെ ഒഴിവാക്കി. ഈ സീസണീല്‍ ദെല്‍ പീയറോ യുവന്‍റസിനായി അടിച്ചത് 21 ഗോളുകളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :