‘റഷ്യയിൽ തന്റെ അഭിനയം കുറച്ച് ഓവറായി’ - ഒടുവിൽ കുറ്റസമ്മതം നടത്തി നെയ്മർ

കാറ്റടിച്ചാൽ വീഴുന്ന നെയ്മർ

അപർണ| Last Modified ചൊവ്വ, 31 ജൂലൈ 2018 (08:12 IST)
റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. പക്ഷേ, ബ്രസീലിന്റെ പ്രകടനത്തേക്കാൾ ശ്രദ്ധ പിടിച്ചുപറ്റിയത് നെയ്മറിന്റെ വീഴ്ചയായിരുന്നു. എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു.

കാറ്റടിച്ചാല്‍ വീഴുന്ന താരമാണു നെയ്മറെന്നു പറഞ്ഞ് നിരവധി ട്രോളുകളും താരത്തിനെതിരെ വന്നിരുന്നു. കളിക്കളത്തിലെ തന്റെ പെരുമാറ്റത്തെപ്പറ്റി ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് നെയ്മര്‍. റഷ്യയില്‍ തന്റെ അഭിനയം അല്‍പ്പം ഓവറായി പോയെന്ന് സമ്മതിച്ചിരിക്കുകയാണ് താരം.

‘ലോകകപ്പ് മത്സരങ്ങളിലെ തന്റെ പ്രവര്‍ത്തികള്‍ കുറച്ച് അധികമായില്ലേയെന്ന് ആരാധകര്‍ക്ക് തോന്നാം. ചില സമയങ്ങളില്‍ കുറച്ച് ഓവറായെന്നത് സത്യമാണ്, എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്നാല്‍ കളിക്കളത്തില്‍ താന്‍ ഫൗള്‍ ചെയ്യപ്പെട്ടുവെന്നത് സത്യമാണ്. ഫൌൾ കൊണ്ട് വേദനയുണ്ടായപ്പോൾ തന്റെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റം ചില സമയത്തെങ്കിലും അതിര് കടന്നെന്ന് സമ്മതിക്കുന്നു’ നെയ്മര്‍ വ്യക്തമാക്കി.

‘ടാക്ലിങ്ങുകളെ തുടര്‍ന്ന് ഏറെ വേദന അനുഭവിക്കേണ്ടിവന്നു. അതൊക്കെ അഭിനയമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും’ എന്ന് നെയ്മര്‍ ലോകകപ്പ് കഴിഞ്ഞ ശേഷം മാധ്യമ പ്രവർത്തകരോട് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് തന്റേത് അഭിനയമാണെന്ന് നെയ്മര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ അല്‍പ്പം കാര്യമില്ലാതില്ലെന്ന് താരം തന്നെ സമ്മതിച്ചിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :