ദക്ഷിണ കൊറിയയുടെ ഒരു ഗോള്‍ റൊണാള്‍ഡോയുടെ ദാനം; പോര്‍ച്ചുഗല്‍ നായകനെ ട്രോളി സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (15:52 IST)

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളി സോഷ്യല്‍ മീഡിയ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് പോര്‍ച്ചുഗല്‍ നായകനെതിരെ നിരവധി പേര്‍ രംഗത്തെത്തിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളില്‍ ഒരെണ്ണം റൊണാള്‍ഡോയുടെ ദാനമാണെന്നാണ് ആരാധകരുടെ ട്രോള്‍.

മത്സരത്തിന്റെ ആറാം മിനിറ്റില്‍ ഡിയോഗോ ഡാലോയുടെ മുന്നേറ്റത്തിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെയാണ് ദക്ഷിണ കൊറിയയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. ബോക്‌സിലെത്തിയ പന്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദേഹത്ത് തട്ടി കൊറിയന്‍ പ്രതിരോധ താരം കിം യങ് ഗ്വനിന്റെ കാലിലേക്ക് എത്തുകയായിരുന്നു. ഗ്വനിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ പോസ്റ്റില്‍ ലക്ഷ്യം തെറ്റാതെ എത്തുകയും ചെയ്തു.

പന്ത് റൊണാള്‍ഡോയുടെ ദേഹത്ത് തട്ടിയില്ലായിരുന്നെങ്കില്‍ അത് ഗോള്‍ ആകില്ലായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കാത്തത് എതിര്‍ ടീമിന് ഗോളടിക്കാന്‍ അവസരമാകുകയായിരുന്നു. ദക്ഷിണ കൊറിയ റൊണാള്‍ഡോയോട് കൂടി കടപ്പെട്ടിട്ടുണ്ടെന്നാണ് ആരാധകരുടെ വാദം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :