2023 Sports Roundup: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മെസ്സിയുടെ ട്രാൻസ്ഫർ, റൊണാൾഡോയ്ക്ക് പിന്നാലെ സൗദി ലീഗിലേക്ക് സൂപ്പർ താരങ്ങൾ കുടിയേറിയ വർഷം

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഡിസം‌ബര്‍ 2023 (19:01 IST)
2022ലെ ലോകകപ്പ് കിരീടം ലയണല്‍ മെസ്സിയുടെ അര്‍ജന്റീന സ്വന്തമാക്കിയ ശേഷം ഫുട്‌ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്ത ഒന്ന് മെസ്സിയുടെ പിഎസ്ജിയില്‍ നിന്നുള്ള മാറ്റമായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്നുള്ള ക്ലബുകള്‍ പലതും മെസ്സിയെ നോട്ടമിട്ടിരുന്നെങ്കിലും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് മേജര്‍ ലീഗുകളില്‍ തുടരാതെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയിലേയ്ക്കാണ് മെസ്സി ചേക്കേറിയത്.

അമേരിക്കല്‍ സോക്കര്‍ ലീഗില്‍ മെസ്സി വന്നത് അമേരിക്കന്‍ ഫുട്‌ബോളിനാകെ ഉണര്‍വ് പകരുകയും ലീഗില്‍ പിന്നിലായിട്ടും മെസ്സിയുടെ പിന്‍ബലത്തില്‍ ലീഗ് കിരീടം ഇന്റര്‍ മയാമി ചരിത്രത്തില്‍ ആദ്യമായി സ്വന്തമാക്കുന്നതിനും 2023 സാക്ഷ്യം വഹിച്ചു. അതേസമയം യൂറോപ്യന്‍ ലീഗില്‍ നിന്നും വമ്പന്‍ താരങ്ങള്‍ സൗദി ലീഗിലേയ്ക്ക് കൂടുമാറുന്നതിലും 2023 സാക്ഷിയായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗിലേക്ക് വമ്പന്‍ തുകയ്ക്ക് കൂടുമാറിയതിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സേമ, നെയ്മര്‍, എന്‍ഗോള കാന്റെ എന്നിവരെല്ലാം തന്നെ സൗദി ലീഗിലേക്ക് മാറിയത് വലിയ ചര്‍ച്ചയാണ് ഫുട്‌ബോള്‍ ലോകത്ത് തുറന്നിട്ടത്.

സൗദി ലീഗിലേയ്ക്കുള്ള താരങ്ങളുടെ ഈ പലായനം യൂറോപ്യന്‍ ലീഗുകളുടെ പകിട്ട് കുറയ്ക്കുമെന്നും നിലവാരം കുറയുന്നതിനിടയാക്കുമെന്നും ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നു. മികച്ച നിലവാരമുള്ള ലീഗില്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് പകരം പണം മാത്രം ലക്ഷ്യമിട്ട് താരങ്ങള്‍ പോകുന്നത് ഫുട്‌ബോളിന് നല്ലതല്ലെന്നും വിമര്‍ശനം രൂക്ഷമാണ്. സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സമ റയല്‍ മാഡ്രിഡില്‍ നിന്നും അല്‍ ഇത്തിഹാദിലേക്കും നെയ്മര്‍ പിഎസ്ജിയില്‍ നിന്നും അല്‍ ഹിലാലിലേക്കുമാണ് മാറിയത്. എന്‍ഗോളകാന്റെ, ജോട്ട,റൂബന്‍ ന്യൂവസ്,എഡ്‌വാര്‍ഡ് മെന്‍ഡി,റോബര്‍ട്ടോ ഫിര്‍മിനോ, റിയാദ് മഹ്‌റെസ്,ഫാബിഞ്ഞോ,സാദിയോ മാനെ,ബ്രോസോവിച്ച് തുടങ്ങി നിരവധി താരങ്ങളാണ് ക്രിസ്റ്റ്യാനോ കാണിച്ച പാതയില്‍ സൗദി ലീഗിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :