ദൈവത്തിന്റെ മഞ്ഞക്കുപ്പായത്തിന് തിളക്കം കുറയുബോള്‍

 സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , ഫുട്‌ബോള്‍ , കേരള ബ്ലാസ്‌റ്റേഴ്‌സ് , ഇയാന്‍ ഹ്യൂം
ജിബിന്‍ ജോര്‍ജ്| Last Updated: വെള്ളി, 30 ഒക്‌ടോബര്‍ 2015 (16:42 IST)
റെക്കോര്‍ഡ് ആരാധകവൃന്ദം, പ്രഥമസീസണിലെ രണ്ടാം സ്ഥാനക്കാര്‍ അതിലുമുപരി ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ സ്വന്തം ടീം എന്നീ തലക്കനമെല്ലാം പേറിയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ പന്ത് തട്ടാനായി കേരള
ബ്ലാസ്‌റ്റേഴ്‌സ് എത്തിയത്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ പാളിപ്പോയ കപ്പ് സ്വന്തമാക്കി പൊട്ടിത്തെറിക്കാനായി എത്തിയ കൊമ്പന്മാര്‍ക്ക് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു.

ആര്‍ത്തുവിളിച്ചിരുന്ന മഞ്ഞക്കടല്‍ ഇന്ന് ശാന്തമായിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് ദൈവത്തിനോടുള്ള സ്‌നേഹം ഫുട്‌ബോളില്‍ ആവാഹിച്ചു മലയാളികള്‍ ആഘോഷിച്ചപ്പോള്‍ ക്രിക്കറ്റിനൊപ്പം തന്നെ കാല്‍‌പന്തിനെയും നെഞ്ചിലേറ്റാന്‍ നമുക്കായി. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്ന സീസണിലൂടെയാണ് കൊമ്പന്‍‌മാര്‍ ഇന്ന് കടന്നു പോകുന്നത്. ഒരു ജയവും ഒരു സമനിലയും നാല് തോല്‍‌വിയുമായി ലീഗില്‍ അവസാനസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പ്രഥമസീസണില്‍ തകര്‍ത്തു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സീസണില്‍ പൊട്ടിത്തെറിക്കാതെ കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണ്. ആദ്യസീസണില്‍ മഞ്ഞകുപ്പായത്തില്‍ വിയര്‍ത്തു കളിച്ച ഇയാന്‍ ഹ്യൂമിന്റെ അഭാവം ടീമിനെ അടിമുടി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തെ ഓരോ കളികളും. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ടീം വിട്ടൊഴിഞ്ഞപ്പോള്‍ പകരമെത്തിയ കാര്‍ലോസ് മര്‍ച്ചേനെ നിരാശ പകരുന്നതില്‍ ഒരു മടിയും കാണിച്ചില്ല. പുറം വേദനയില്‍ പുളയുന്ന സ്‌പാനിഷ് താരത്തിന് തൊണ്ണൂറു മിനിട്ടും ഓടിക്കളിക്കാന്‍ സാധിക്കില്ലെന്ന് വേദനയോടെയാണ് ആരാധകര്‍ കേട്ടത്.

ഏറെ പ്രതീക്ഷയോടെ ടീം മാനേജ്‌മെന്റ് ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തിച്ച പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള താരം തന്നെയായിരുന്നു. എന്നാല്‍ പാതിവഴിയില്‍ വെച്ചുതന്നെ പോരാട്ടം അവസാനിപ്പിച്ച് ഇംഗ്ലണ്ട് താരം വിമാനം കയറിയപ്പോള്‍ ഐ എസ് എല്ലിലെ ആദ്യത്തെ പുറത്താക്കലായിരുന്നു ഒരു ടീം മാനേജ്‌മെന്റ് നടത്തിയത്. മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയം രുചിച്ചത്, ഡേവിഡ് ബെക്കാമിനെ പരിശീലിപ്പിക്കുകയും ഇതിഹാസതാരമാക്കി, ഇംഗ്ലീഷ് ടീം നായകനാക്കി തീര്‍ക്കുകയും ചെയ്‌ത, പീറ്റര്‍ ടെയ്‌ലര്‍ക്ക് ഇന്ത്യയില്‍ എല്ലാം തിരിച്ചടിയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് നോക്കിയാല്‍ മുഴുവന്‍ കുട്ടിക്കളിയാണ്. ഗ്രൌണ്ടിലൂടെ ഓടി നടക്കുന്ന ഒരു കൂട്ടം താരങ്ങള്‍ എന്നു മാത്രമേ അവരെ വിലയിരുത്താന്‍ സാധിക്കൂ. നായകനെപ്പോലെ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മധ്യനിരയാണ് ബ്ലാസ്റ്റേഴ്‌സിനെ കുഴയ്‌ക്കുന്നത്. മധ്യനിരയില്‍ നിന്ന് കളി നിയന്ത്രിക്കേണ്ട മര്‍ച്ചേനെ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷണങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്.

ഇംഗ്ലീഷുകാരനായ ഗോളി ബൈവാട്ടറെ മാറ്റി നിര്‍ത്തി സന്ദീപ് നന്ദിക്കോ ഷില്‍ട്ടന്‍ പോളിനോ അവസരം നല്‍കി മധ്യനിരയില്‍ മൂന്നു വിദേശ താരങ്ങളെ പരീക്ഷിക്കാനും പുതിയ കോച്ച് ട്രവര്‍ മോര്‍ഗന് പദ്ധതിയുണ്ടാകും. അതുപോലെ തന്നെ പോര്‍ച്ചുഗീസ് താരം ജാവോ കൊയിമ്പ്രയെയും സ്​പാനിഷ് താരം ഹോസു പ്രീറ്റോയെയും ഒരുമിച്ച് മധ്യനിരയില്‍ കളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ആദ്യമത്സരത്തില്‍ തകര്‍പ്പന്‍ ജയം കുറിച്ച ടീം പിന്നീട് തോറ്റുതോറ്റ് പിന്നോട്ടടിക്കുമ്പോള്‍ ടെയ്‌ലറുടെ തന്ത്രങ്ങളും വിമര്‍ശിക്കപ്പെടുകയായിരുന്നു. ഹ്യൂമിന് പകരം ടെയ്‌ലര്‍ കൊണ്ടുവന്ന ക്രിസ് ഡഗ്നല്‍ നിരാശ മാത്രമാണ് പകരുന്നത്. സാഞ്ചസ് വാട്ടും ഹൊസു പ്രീറ്റോയുമെല്ലാം തിളക്കമാര്‍ന്ന പ്രകടനം നടത്തുന്നതില്‍ പരാജയമുഖമാകുകയായിരുന്നു. മുന്നേറ്റനിര പരാജയപ്പെടുന്നതും ആദ്യമത്സരത്തിനു ശേഷമുള്ള കളികളില്‍ നിന്ന് വ്യക്തമായി. ഗോള്‍ അടിക്കുന്നതില്‍ മടി കാണിക്കുന്ന താരങ്ങളെ പോലെയായിരുന്നു മഞ്ഞപ്പട ഗ്രൌണ്ടില്‍ നിന്നത്. പ്രതിരോധം തീര്‍ത്തും ദുര്‍ബലം എന്നു പറയുന്നതില്‍ തെറ്റുമില്ല. എതിരാളികളെ പൂട്ടാനും അവരുടെ കൈയില്‍ പന്ത് എത്തുന്നത് തടയാനും പ്രതിരോധത്തിന് കഴിഞ്ഞതുമില്ല.


സികെ വിനീതിന്റെയും ജിങ്കാന്റെയും പ്രകടനങ്ങള്‍ ദയനീയമാണ്. ഗോള്‍ മുഖത്ത് എത്തിയാലും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ കേരളത്തിന് സാധിക്കാത്തത് വരും മത്സരങ്ങളില്‍ തിരിച്ചടിയാണ്. ലക്ഷ്യബോധമില്ലാത്ത പാസുകള്‍ പലപ്പോഴും എതിര്‍ താരങ്ങളില്‍ എത്തുന്നു.

കാനഡക്കാരനായ ഇയാന്‍ ഹ്യൂമും സ്‌കോട്ടീഷ് താരം സ്‌റ്റീഫന്‍ പിയേഴ്‌സണുമായിരുന്നു ആദ്യ സീസണില്‍ കേരളത്തിനെ കാത്തത്. പറക്കും സായിപ്പെന്ന ഓമനപ്പേരില്‍ വിളിക്കപ്പെട്ട പിയേഴ്‌സണ്‍ കളിയെ മുഴുവന്‍ നിയന്ത്രിക്കുകയായിരുന്നു. പ്രതിരോധത്തില്‍ നിന്ന് മുന്നേറ്റത്തിലേക്ക് അനായാസം പന്ത് എത്തിക്കുന്ന സ്‌കോട്ടീഷ് താരം ഗോളുകള്‍ നേടാന്‍ അവസരമൊരുക്കിയും എതിര്‍ പ്രതിരോധത്തിന് നിരന്തരം ഭീഷണി സൃഷ്‌ടിക്കുകയും ചെയ്‌ത താരമായിരുന്നു. എന്നാല്‍, ഇത്തവണ രണ്ടുപേരും ടീമിലില്ല എന്നതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്.

ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം ഗംഭീരമായിരുന്നുവെങ്കിലും പിന്നീടെല്ലാം പിഴ‌യ്‌ക്കുകയായിരുന്നു. ഓടിക്കളിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ടീമിലില്ല എന്നതാണ് സത്യം. എല്ലാ ടീമുകളും വിദേശത്ത്
പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കൊമ്പന്‍‌മാര്‍ നാട്ടില്‍ പന്ത് തട്ടി നടക്കുകയായിരുന്നു. മറ്റുള്ളവര്‍ വിദേശത്ത് ശക്തരുമായി ഏറ്റുമുട്ടി
തന്ത്രങ്ങളാവിഷ്കരിച്ചു തിരിച്ചുവന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് കാറ്റ് പോയ ബലൂണ്‍ പോലെയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :