രേണുക വേണു|
Last Modified ശനി, 2 ഏപ്രില്‍ 2022 (08:37 IST)
ഖത്തര്‍ ലോകകപ്പ് പോരാട്ടത്തിന് അരങ്ങൊരുങ്ങി. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ പോരടിക്കുമ്പോള്‍ എല്ലാ കണ്ണുകളും ബ്രസീല്‍, അര്‍ജന്റീന ടീമുകളിലേക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ഫുട്‌ബോള്‍ ടീമുകളാണ് ബ്രസീലും അര്‍ജന്റീനയും. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുമോ എന്നാണ് ആരാധകരുടെ സംശയം. ആ ക്ലാസിക് പോരാട്ടത്തിനുള്ള എല്ലാ സാധ്യതകളും ഫിഫ ഇത്തവണ ഒരുക്കിവച്ചിട്ടുണ്ട്.
ഗ്രൂപ്പ് 'സി'യിലാണ് അര്‍ജന്റീന ഉള്ളത്. ബ്രസീല്‍ ഗ്രൂപ്പ് 'ജി'യിലും. ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇരു ടീമുകളും പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്നാല്‍ പിന്നെ കാണുക ആ ക്ലാസിക് പോരാട്ടം ! സെമി ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുന്ന വിധമാണ് ഫിഫ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഷെഡ്യൂള്‍. ഇരു ടീമുകളും ഗ്രൂപ്പ് ചാംപ്യന്‍മാരാകണം, അതിനുശേഷം പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഇരു ടീമുകളും ജയിച്ചാല്‍ സെമി പോരാട്ടത്തില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്നത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാം. എന്നാല്‍, ഫുട്‌ബോളാണ്...നാടകീയമായി എന്തും സംഭവിക്കാമെന്നത് മറ്റൊരു കാര്യം !