രേണുക വേണു|
Last Modified ചൊവ്വ, 2 ജൂലൈ 2024 (08:31 IST)
Portugal vs Slovenia: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്ലൊവേനിയയെ കീഴടക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തിയത്. ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് പോര്‍ച്ചുഗലിന്റെ ജയം.
എക്‌സ്ട്രാ ടൈമില്‍ ലഭിച്ച സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കിയത് പോര്‍ച്ചുഗല്‍ ആരാധകരെ നിരാശപ്പെടുത്തി. പെനാല്‍റ്റിയിലൂടെ ഗോള്‍ നേടാനുള്ള അവസരം ലഭിച്ചിട്ടും റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് നിരാശനായ പോര്‍ച്ചുഗല്‍ നായകന്‍ ഗ്രൗണ്ടില്‍ വെച്ച് കരഞ്ഞു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയപ്പോള്‍ പോര്‍ച്ചുഗലിന് വേണ്ടി ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ റൊണാള്‍ഡോയ്ക്കു സാധിച്ചു.
പോര്‍ച്ചുഗലിന്റെ ആദ്യ മൂന്ന് കിക്കുകളും ലക്ഷ്യം കണ്ടു. സ്ലൊവാനിയയുടെ മൂന്ന് കിക്കുകള്‍ പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയാഗോ കോസ്റ്റ സേവ് ചെയ്തു. മത്സരശേഷം കോസ്റ്റയെ കെട്ടിപ്പിടിച്ച് നന്ദി പറയുന്ന റൊണാള്‍ഡോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എക്‌സ്ട്രാ ടൈമിലെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനൊപ്പം ഒരു ഓപ്പണ്‍ ഗോള്‍ അവസരവും റൊണാള്‍ഡോയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇത്തവണത്തെ യൂറോ കപ്പില്‍ ഒരു ഗോള്‍ പോലും പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് പിറന്നിട്ടില്ല.