മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പരഗ്വായ് രണ്ടാം ഗോള്‍ നേടി

Argentina
രേണുക വേണു| Last Modified വെള്ളി, 15 നവം‌ബര്‍ 2024 (09:53 IST)
Argentina

ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി പരഗ്വായ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരഗ്വായ് ജയിച്ചത്. ലയണല്‍ മെസി നയിച്ചിട്ടും ലോക ചാംപ്യന്‍മാരായ അര്‍ജന്റീന പരഗ്വായ് താരങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തല കുനിച്ചു.

മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ലൗത്താറോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അര്‍ജന്റീനയുടെ ആദ്യ ഗോളിന്റെ ആഘോഷം അധികനേരം നീണ്ടുനിന്നില്ല. 19-ാം മിനിറ്റില്‍ സനബ്രിയയിലൂടെ പരഗ്വായ് തിരിച്ചടിച്ചു. ആദ്യ പകുതി കഴിഞ്ഞ് ഇടവേളയ്ക്കു പിരിയുമ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ ആയിരുന്നു.

രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പരഗ്വായ് രണ്ടാം ഗോള്‍ നേടി. അല്‍ഡറെറ്റെ ആണ് ഇത്തവണ അര്‍ജന്റീനയുടെ ഗോള്‍വല ചലിപ്പിച്ചത്. കളിയില്‍ 77 ശതമാനം ബോള്‍ കൈവശം വെച്ചിട്ടും അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ തിരിച്ചടിക്കാനായില്ല. 650 പാസുകളാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. പരഗ്വായ് ആകട്ടെ വെറും 184 പാസുകളും !

അതേസമയം ഇതുവരെയുള്ള യോഗ്യതാ പോരാട്ടങ്ങളില്‍ ഏഴ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 22 പോയിന്റോടെ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :