രേണുക വേണു|
Last Modified ശനി, 26 നവംബര്‍ 2022 (10:34 IST)
സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇനി പ്രീ ക്വാര്‍ട്ടറിലാകും നെയ്മര്‍ ബ്രസീലിന് വേണ്ടി കളിക്കുക. നെയ്മറിന്റെ കണങ്കാല്‍ നീരുവന്ന് വീര്‍ത്ത ചിത്രങ്ങള്‍ ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്. അതേസമയം, നെയ്മറിന്റെ കളിരീതി മാറ്റിയില്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ പരുക്കുകള്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
തുടര്‍ച്ചയായി പരുക്കിന്റെ പിടിയില്‍ അകപ്പെടുന്ന താരമാണ് നെയ്മര്‍. നിര്‍ണായക ടൂര്‍ണമെന്റുകള്‍ നടക്കുന്ന സമയത്ത് നെയ്മര്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. കൂടുതല്‍ സമയം പന്ത് കാലില്‍ ഹോള്‍ഡ് ചെയ്ത് ഫൗള്‍ കിട്ടാന്‍ വേണ്ടി നെയ്മര്‍ ശ്രമിക്കുന്നതാണ് തുടര്‍ച്ചയായി പരുക്കേല്‍ക്കാന്‍ കാരണമാകുന്നതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.
ബ്രസീല്‍ ടീമിലെ ഏറ്റവും ടാലന്റഡ് ആയ താരമാണ് നെയ്മര്‍. പൊതുവെ എതിര്‍ ടീമിലെ കളിക്കാര്‍ നെയ്മറിനെ കേന്ദ്രീകരിച്ച് കളിക്കാന്‍ ശ്രമിക്കും. നെയ്മറിന്റെ മുന്നേറ്റങ്ങളെ തടയുകയായിരിക്കും എതിര്‍ ടീമിന്റെ ഏറ്റവും വലിയ പദ്ധതി. ആ സമയത്താണ് നെയ്മര്‍ കൂടുതല്‍ സമയം പന്ത് ഹോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത്. തനിക്ക് ലഭിക്കുന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ നെയ്മര്‍ ഒരുപാട് സമയം എടുക്കുന്നു. അപ്പോള്‍ എതിര്‍ ടീമിലെ താരങ്ങള്‍ നെയ്മറിനെ ടാക്കിള്‍ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നു. ഇതാണ് നെയ്മറിന് തുടര്‍ച്ചയായി പരുക്കേല്‍ക്കാന്‍ കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
പന്ത് ഹോള്‍ഡ് ചെയ്യുന്ന സമയം കുറച്ചാല്‍ നെയ്മര്‍ ടാക്കിള്‍ ചെയ്യപ്പെടുന്നതും കുറയും. നെയ്മറിനെ മാത്രം ആശ്രയിച്ചു കളിക്കുന്ന ഒരു ടീം അല്ല ബ്രസീല്‍. അതുകൊണ്ട് അതിവേഗം പന്ത് ക്ലിയര്‍ ചെയ്ത് കളി മുന്നോട്ടു കൊണ്ടുപോകുന്നതാണ് നെയ്മറിനും നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.