മെസിയും വേണ്ട, നെയ്മറും വേണ്ട; രണ്ട് സൂപ്പര്‍താരങ്ങളെയും വില്‍ക്കാന്‍ പി.എസ്.ജി.

ഡ്രസിങ് റൂമില്‍ വെച്ച് പി.എസ്.ജി. സ്പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കംപോസുമായി നെയ്മര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം

രേണുക വേണു| Last Modified ബുധന്‍, 15 ഫെബ്രുവരി 2023 (11:33 IST)

പി.എസ്.ജിയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ക്ലബ് വിട്ടേക്കും. ടീം മാനേജ്‌മെന്റുമായുള്ള തര്‍ക്കമാണ് നെയ്മറിന് തിരിച്ചടിയായത്. നെയ്മറിനെ ഇനി നിലനിര്‍ത്തില്ലെന്ന കടുത്ത തീരുമാനം പി.എസ്.ജി. എടുത്തുകഴിഞ്ഞു. ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയുമായി നെയ്മര്‍ അത്ര രസത്തിലല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മൊണോക്കോയ്ക്കെതിരായ മത്സരത്തില്‍ 3-1 ന് പി.എസ്.ജി. തോല്‍വി വഴങ്ങിയിരുന്നു. ഈ മത്സരത്തിനു പിന്നാലെ ടീം മാനേജ്മെന്റ് നെയ്മറെ രൂക്ഷമായി വിമര്‍ശിക്കുകയും ടീം മാനേജ്മെന്റിനോട് നെയ്മര്‍ തിരിച്ചും രൂക്ഷമായി പ്രതികരിച്ചെന്നാണ് വാര്‍ത്ത. എംബാപ്പെയും മെസിയും ഇല്ലാതെയാണ് മൊണോക്കോയ്ക്കെതിരെ പി.എസ്.ജി. ഇറങ്ങിയത്. നെയ്മര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിനു കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.

ഡ്രസിങ് റൂമില്‍ വെച്ച് പി.എസ്.ജി. സ്പോര്‍ട്ടിങ് ഡയറക്ടര്‍ ലൂയിസ് കംപോസുമായി നെയ്മര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായാണ് വിവരം. പി.എസ്.ജിയിലെ മറ്റ് താരങ്ങളോട് മത്സരത്തിനിടയിലും മത്സരശേഷവും നെയ്മര്‍ ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജി. നെയ്മറെ വില്‍ക്കുകയാണെങ്കില്‍ ബാഴ്സലോണ, ചെല്‍സി എന്നിവര്‍ താരത്തെ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മെസിയുടെ കാര്യത്തിലേക്ക് വന്നാല്‍ രണ്ട് നിലപാടുകളാണ് ക്ലബിനുള്ളത്. ഒന്നുകില്‍ മെസിക്ക് സ്വമേധയാ ക്ലബ് വിടാം. താരത്തിന്റെ തീരുമാനത്തെ ക്ലബ് അംഗീകരിക്കും. അതല്ലെങ്കില്‍ ഒരു സീസണിലേക്ക് കൂടി കരാര്‍ നീട്ടുക. പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ ഉടന്‍ അവസാനിക്കും. കരാര്‍ നീട്ടണോ മറ്റൊരു ക്ലബിലേക്ക് പോകണോ എന്ന കാര്യത്തില്‍ മെസിക്ക് തന്നെ ഉടന്‍ തീരുമാനമെടുക്കാമെന്ന് പി.എസ്.ജി.യുടെ നിലപാട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :