അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 സെപ്റ്റംബര്‍ 2023 (17:08 IST)
ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ കളിച്ച അവസാനത്തെ മാസങ്ങള്‍ തനിക്കും ലയണല്‍ മെസ്സിക്കും നരകതുല്യമായിരുന്നുവെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ മനസ്സ് തുറന്നത്. മെസ്സിയുടെ കഴിഞ്ഞ വര്‍ഷത്തില്‍ ഞാന്‍ ഏറെ സന്തോഷവാനായിരുന്നു. അതേസമയം ഞാന്‍ ദുഃഖിതനുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതം ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയായിരുന്നു.
അര്‍ജന്റീനന്‍ ടീമിനായി എല്ലാ കിരീടനേട്ടങ്ങളും ലോകകിരീടങ്ങളും നേടി സ്വര്‍ഗതുല്യമായ അവസ്ഥയില്‍ ആയിരുന്നു. എന്നാല്‍ പാരീസില്‍ അദ്ദേഹത്തിന്റെ ജീവിതം നരകം തന്നെയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ആ നരകത്തില്‍ ജീവിച്ചു. ഞങ്ങള്‍ രണ്ടുപേരും ഏറെ അസ്വസ്ഥരായിരുന്നു. കാരണം അവിടെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏറ്റവും മികച്ചത് നല്‍കാനും ചാമ്പ്യന്മാരാകാനുമാണ് ഞങ്ങള്‍ വീണ്ടും ഒരുമിച്ചത്. എന്നാല്‍ അതിനൊന്നും തന്നെ ഞങ്ങള്‍ക്ക് സാധിച്ചില്ല.നെയ്മര്‍ പറഞ്ഞു.
പിഎസ്ജി വിട്ട നെയ്മര്‍ സൗദി ക്ലബായ അല്‍ ഹിലാലിലേക്ക് മാറിയപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേയ്ക്കാണ് മെസ്സി ചേക്കേറിയത്. പിഎസ്ജിയിലെ അവസാന ദിനങ്ങള്‍ കാണികളില്‍ നിന്നും മോശം പ്രതികരണമാണ് മെസ്സിക്ക് ഫ്രാന്‍സില്‍ നേരിടേണ്ടി വന്നതെങ്കില്‍ ഇന്റര്‍മിയാമിയില്‍ ഗംഭീര വരവേല്‍പ്പാണ് ഓരോ മത്സരത്തിലും മെസ്സിക്ക് ലഭിക്കുന്നത്. ഇന്റര്‍ മിയാമിയെ തങ്ങളുടെ ആദ്യ ലീഗ് നേട്ടത്തിലെത്തിക്കാനും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് മെസ്സിക്ക് സാധിച്ചിരുന്നു.