അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 മെയ് 2024 (19:09 IST)
ഈ സീസണോടെ പിഎസ്ജി വിടുന്ന ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പയെ അവസാന ഹോം മത്സരത്തില്‍ കൂക്കിവിളിച്ച് ആരാധകര്‍. പിഎസ്ജിയുമായുള്ള കരാര്‍ അവസാനിപ്പിച്ച എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പിഎസ്ജിക്കായി തന്റെ അവസാന ഹോം മത്സരം കളിക്കാനിറങ്ങിയപ്പോഴാണ് കാണികളില്‍ നിന്നും താരം പ്രതിഷേധം നേരിട്ടത്.
പ്രതിഷേധങ്ങള്‍ക്കിടെ മത്സരിച്ചെങ്കിലും അവസാന ഹോം ഗ്രൗണ്ട് മത്സരത്തില്‍ പിഎസ്ജിയെ വിജയത്തിലെത്തിക്കാന്‍ എംബാപ്പെയ്ക്കായില്ല. മത്സരം തുടങ്ങും മുന്‍പ് സ്‌ക്രീനില്‍ എംബാപ്പയെ കാണിച്ചത് മുതല്‍ ആരാധകര്‍ കൂക്കി വിളിക്കുകയായിരുന്നു. നേരത്തെ സൂപ്പര്‍ താരങ്ങളായ മെസി,നെയ്മര്‍ എന്നിവര്‍ ക്ലബ് വിടാന്‍ തീരുമാനിച്ച ശേഷം ഗ്രൗണ്ടില്‍ എത്തിയപ്പോഴും സമാനമായി കൂവല്‍ നേരിടേണ്ടിവന്നിരുന്നു. ടൗളസിനെതിരായ മത്സരത്തില്‍ 1-3നാണ് പിഎസ്ജി ഹോം ഗ്രൗണ്ടില്‍ നേരിട്ടത്. മത്സരത്തില്‍ പിഎസ്ജി നേടിയ ഏക ഗോള്‍ എംബാപ്പയുടെ വകയായിരുന്നു.