അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (14:34 IST)
നായകന്‍ ലയണല്‍ മെസ്സി തിരിച്ചെത്തിയിട്ടും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് സമനില കുരുക്ക്. വെനസ്വെലയാണ് ലോകചാമ്പ്യന്മാരെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. കനത്ത മഴമൂലം വൈകിതുടങ്ങിയ മത്സരത്തില്‍ 13മത് മിനുറ്റില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മഴമൂലം വെള്ളം നിറഞ്ഞ മൈതാനത്തിലായിരുന്നു മത്സരം. 2 മത്സരങ്ങളില്‍ വിലക്ക് നേരിടുന്ന എമിലിയാണോ മാര്‍ട്ടിനെസിന് പകരം ജെറോനിമോ റൂളിയാണ് അര്‍ജന്റീനയുടെ ഗോള്‍വല കാത്തത്.
ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി അര്‍ജന്റീന മുന്നേറിയെങ്കിലും രണ്ടാം പകുതിയിലെ 65മത് മിനിറ്റില്‍ സാലോമോണ്‍ റോണ്‍ഡോണിലൂടെ വെനസ്വല തിരിച്ചടിച്ചു. സമനില ഗോള്‍ വീണതോടെ ലൗട്ടാരോ മാര്‍ട്ടിനസ്, ലിയാന്‍ഡ്രോ പെരെഡെസ് എന്നിവരെ സ്‌കലോണി മൈതാനത്തിലിറക്കിയെങ്കിലും വിജയം സ്വന്തമാക്കാനായില്ല. അതേസമയം ചിലിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചു.മത്സരത്തിലെ അവസാന നിമിഷത്തിലായിരുന്നു ബ്രസീലിന്റെ വിജയഗോള്‍.
ചിലിക്കെതിരെ വിജയിക്കാനായതോടെ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.9 കളികളില്‍ 4 വിജയവും 4 തോല്‍വികളുമടക്കം 13 പോയന്റുകളാണ് ബ്രസീലിനുള്ളത്. 9 കളികളില്‍ ആറിലും വിജയിച്ച അര്‍ജന്റീന 19 പോയന്റുകളുമായി പട്ടികയില്‍ ഒന്നാമതാണ്. 9 കളികളില്‍ നിന്നും 16 പോയന്റുകളുള്ള കൊളംബിയയാണ് രണ്ടാമതുള്ളത്.