'ഇത്രയും ദുരന്തം ഫാന്‍സ് വേറെ ആര്‍ക്കും ഉണ്ടാകില്ല'; കേരള ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തി ആരാധകര്‍, കൊല്‍ക്കത്തയോട് തോറ്റതിനു നില വിട്ടു പ്രതികരണം (വീഡിയോ)

എ.ടി.കെ.യുടെ മലയാളി താരം ആഷിക്ക് കുരുണിയനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:12 IST)

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഐഎസ്എല്ലില്‍ എ.ടി.കെ.മോഹന്‍ ബഗാനുമായുള്ള മത്സരത്തില്‍ തോറ്റതിനു പിന്നാലെ എ.ടി.കെ. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അടക്കം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം തോറ്റത്.



എ.ടി.കെ. മോഹന്‍ ബഗാന് വേണ്ടി 26, 62, 90 മിനിറ്റുകളില്‍ ഗോള്‍ നേടി പെട്രോത്തോസ് സീസണിലെ ആദ്യ ഹാട്രിക് കുറിച്ചു. ഫിന്‍ലന്‍ഡ് താരം കൗകോ (38), ഇന്ത്യന്‍ താരം ലെന്നി റോഡ്രിഗസ് (88) എന്നിവരും എ.ടി.കെയ്ക്കായി ഗോള്‍ നേടി. മത്സരത്തിനു പിന്നാലെ ലെന്നി റോഡ്രിഗസിന്‍ഫെ ഇന്‍സ്റ്റഗ്രാം പേജില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തി. മോശം ഭാഷയിലാണ് ആരാധകര്‍ ലെന്നി റോഡ്രിഗസിനെതിരെ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗോള്‍ നേടിയ ശേഷമുള്ള ലെന്നിയുടെ ആഹ്ലാദപ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചത്.




എ.ടി.കെ.യുടെ മലയാളി താരം ആഷിക്ക് കുരുണിയനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. മത്സരം നടക്കുന്നതിനിടെ കാണികള്‍ക്കിടയില്‍ നിന്ന് ചിലര്‍ ആഷിക്കിനെതിരെ മലയാളത്തില്‍ പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. 'പോടാ പുല്ലേ ആഷിക്കേ' എന്നടക്കമുള്ള പ്രതിഷേധ സ്വരമാണ് കാണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നത്. സ്‌പോര്‍ട്‌സിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണ് ഇതെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :