അവസാന കിക്ക് നല്‍കിയത് അത്രത്തോളം വിശ്വാസമുള്ളതിനാല്‍, എംബാപ്പെയ്ക്ക് അടിതെറ്റി; നിരാശ

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (08:33 IST)

ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ യൂറോ കപ്പില്‍ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. അത്യന്തം നാടകീയമായ മത്സരത്തിലാണ് ഫ്രഞ്ച് പടയെ സ്വിറ്റ്‌സര്‍ലന്‍ഡ് വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോള്‍ നേടിയതോടെ മത്സരവിജയിയെ തീരുമാനിക്കാന്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഫ്രാന്‍സ് ഒരു കിക്ക് നഷ്ടപ്പെടുത്തി. നിര്‍ണായകമായ അവസാന കിക്കാണ് ഫ്രാന്‍സ് നഷ്ടപ്പെടുത്തിയത്. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി അവസാന പെനാല്‍റ്റി കിക്കെടുത്തത്. അത്രത്തോളം വിശ്വാസ്യതയുള്ള താരമായതിനാലാണ് അവസാന കിക്ക് എംബാപ്പെയ്ക്ക് തന്നെ ലഭിച്ചത്. എന്നാല്‍, ലോകകപ്പില്‍ അടക്കം ഫ്രാന്‍സിന്റെ വിജയനായകനായ എംബാപ്പെയ്ക്ക് ഇത്തവണ അടിതെറ്റി. അവസാന കിക്ക് പാഴായതോടെ എംബാപ്പെ നിരാശനായി. സ്വിസ് ഗോളി എംബാപ്പെയുടെ കിക്ക് തടുക്കുകയായിരുന്നു.

3-1 ന് പിന്നില്‍ നിന്ന ശേഷമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ട് ഗോളുകള്‍ കൂടി അടിച്ച് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നിങ്ങിയപ്പോഴും ഫ്രഞ്ച് പട വലിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, എംബാപ്പെ അവസാന കിക്കില്‍ നിരാശപ്പെടുത്തിയതോടെ ഫ്രഞ്ച് താരങ്ങള്‍ മൈതാനത്ത് തല താഴ്ത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :