ആ ദിവസം സംഭവിക്കുമെന്നറിയാം, പക്ഷേ അത് ചിന്തിക്കുമ്പോഴെ ഭയം തോന്നുന്നു, മെസ്സിയുടെ വിരമിക്കലിനെ പറ്റി ഡി പോൾ

Messi, De paul
അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂണ്‍ 2024 (18:47 IST)
Messi, De paul
ഫുട്‌ബോള്‍ ലോകത്ത് നേടാവുന്നതെല്ലാം സ്വന്തമാക്കിയെങ്കിലും സ്വന്തം ദേശീയ ടീമിനായി ഒരു മേജര്‍ കിരീടം എന്ന സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ സ്വപ്നം പൂവണിഞ്ഞത് 2021ലെ കോപ്പ അമേരിക്കയിലാണ്. പിന്നാലെ 2022ല്‍ ലോകകപ്പ് കിരീടവും സ്വന്തമാക്കി ഫുട്‌ബോള്‍ ലോകത്തിന്റെ രാജക്കന്മാരായി അര്‍ജന്റീനയെ മാറ്റാന്‍ മെസ്സിക്ക് സാധിച്ചു. ലോകകപ്പ് നേട്ടം സ്വന്തമാക്കിയതോടെ 35കാരനായ ലയണല്‍ മെസ്സി ദേശീയ ടീമിനൊപ്പം അധികകാലം തുടരില്ലെന്ന റിപ്പോര്‍ട്ടുകള്‍ അന്നേ വന്നിരുന്നു. എങ്കിലും ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ടീമിനെ നയിക്കുന്നത് മെസ്സിയാണ്.


ഇപ്പോഴിതാ മെസ്സിയുടെ വിരമിക്കലിനെ പറ്റി മനസ് തുറന്നിരിക്കുകയാണ് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരമായ റോഡ്രിഗോ ഡീപോള്‍. നായകന്‍ മെസ്സി അര്‍ജന്റീന ടീമിന്റെ ഭാഗമല്ലാതാകുന്ന ആ ദിവസത്തെ പറ്റി ചിന്തിക്കുമ്പോഴെ ഭയമാണ് തോന്നുന്നതെന്ന് ഡി പോള്‍ പറയുന്നു. വിരമിച്ചാലും ടീമിന് ആവശ്യം വന്നാല്‍ ഒരു ഫോണ്‍ വിളിച്ചാല്‍ ഓടിയെത്തുമെന്നാണ് മെസ്സി തന്നോട് പറഞ്ഞിട്ടുള്ളതെന്നും ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡീ പോള്‍ പറയുന്നു.


മെസ്സി കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം എളുപ്പമാണ്. മെസ്സിയുള്ളതിനാല്‍ ഞങ്ങള്‍ സുരക്ഷിതരാണ്. മെസ്സിയോട് എപ്പോഴും ഞങ്ങള്‍ ഇതിനെ പറ്റി സംസാരിക്കാറുണ്ട്. ദേശീയ ടീമിന് എന്ത് ആവശ്യമുണ്ടെങ്കിലും നീ ഒന്ന് ഫോണ്‍ വിളിച്ചാല്‍ മതി താന്‍ എപ്പോഴും ദേശീയ ടീമിന്റെ ഭാഗമാണ് എന്നാണ് മെസ്സി പറയാറുള്ളത്. ഡീപോള്‍ പറയുന്നു. അര്‍ജന്റീന ടീമിനുള്ളിലും പുറത്തും മെസ്സിയുടെ നിഴലുപോലെ കാണുന്ന ഡീപോളിനെ മെസ്സിയുടെ ബോഡിഗാര്‍ഡ് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്.
ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 5:30നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :