അഭിറാം മനോഹർ|
Last Modified ശനി, 15 ജൂണ്‍ 2024 (08:33 IST)
യൂറോകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയരായ ജര്‍മനി. നാലാം യൂറോകപ്പ് കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ പന്തുതട്ടുന്ന ജര്‍മനി യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്ലന്‍ഡിനെ നിലം പരിശാക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ ജര്‍മനിക്കായി. ഫ്‌ളാറിയാന്‍ വിര്‍ട്‌സ്(10), ജമാല്‍ മുസിയാല(19),കെയ് ഹെവാര്‍ട്ട്‌സ്(46), നിക്ലാസ് ഫുള്‍ക്രൂഗ്(68),എമ്‌റെ കാന്‍(93) എന്നിവരാണ് ജര്‍മനിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. ആന്റോണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് അല്പം ആശ്വാസം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ജര്‍മനി 3 ഗോളിന്റെ ലീഡ് നേടിയിരുന്നു. ആദ്യ 20 മിനിറ്റില്‍ തന്നെ 2 ഗോളുകള്‍ നേടി മത്സരത്തില്‍ ആധിപത്യം നേടാന്‍ ജര്‍മനിക്കായി. പകുതിയുടെ അവസാനഘട്ടത്തില്‍ പെനാല്‍ട്ടിയിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. തുടക്കം മുതല്‍ തന്നെ കളി നിയന്ത്രിച്ച ജര്‍മനി പത്താം മിനിറ്റിലാണ് ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയത്. 21കാരനായ ഫ്‌ളാറിയാനാണ് ഗോള്‍ സ്വന്തമാക്കിയത്. യൂറോകപ്പില്‍ ഗോള്‍ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ജര്‍മന്‍ താരമെന്ന റെക്കോര്‍ഡും ഫ്‌ളാറിയന്‍ സ്വന്തമാക്കി.