ചെന്നൈ|
സജിത്ത്|
Last Modified വെള്ളി, 15 ജൂലൈ 2016 (10:29 IST)
പ്രീമിയർ ഫുട്സാൽ ടൂർണമെന്റിനു ഇന്ന് തുടക്കം. ചെന്നൈ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മൽസരം. പോർച്ചുഗലിന്റെ രാജ്യാന്തര താരം ലൂയി ഫിഗോയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
ബ്രസീലിന്റെ സുവർണ താരവും ഗോവയുടെ മാർക്വി താരവുമായ റൊണാൾഡീഞ്ഞോ കൂടിയെത്തിയതോടെ പ്രീമിയർ ഫുട്സാൽ ടൂർണമെന്റിനു താരത്തിളക്കമേറി. ഇന്ത്യൻ സൂപ്പർ ലീഗിൽ പല ക്ലബ്ബുകളും ശ്രമിച്ചിട്ടും കൊണ്ടുവരാൻ കഴിയാത്ത റൊണാൾഡീഞ്ഞോയുടെ വരവ് ഫുട്സാലിന്റെ ആവേശം വർധിപ്പിക്കും.
നാൽപ്പതു മിനിറ്റ് ഇൻഡോറിലാണ് ഫുട്സാൽ മത്സരം നടക്കുക. അഞ്ചു കളിക്കാരാണ് ഓരോ ടീമിലുമുള്ളത്. റൊണാൾഡീഞ്ഞോയ്ക്കു പുറമേ രാജ്യാന്തര താരങ്ങളായ പോൾ സ്കോൾസ്, റയാൻ ഗിഗ്സ്, ഹെർനാൻ ക്രെസ്പോ എന്നിവർ ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് ഫുട്സാല്‍ ബ്രാൻഡ് അംബാസഡർ. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി, ഗോവ എന്നിങ്ങനെ ആറു ഫ്രാഞ്ചൈസി ടീമുകളാണ് ഫുട്സാലില്‍ കളിക്കുന്നത്.
ഈ മാസം 24ന് ഗോവയിലാണ് ഫൈനൽ.