ഇത് ചരിത്ര നേട്ടം; അര്‍ജന്റീനയെ അട്ടിമറിച്ച് ഇന്ത്യ, അവിശ്വസനീയമെന്ന് ഫുട്ബോൾ ലോകം

വിശ്വസിക്കാനാകാതെ ഫുട്ബോൾ ലോകം

അപർണ| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (12:31 IST)
ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി ഇതാ ഒരു സുവർണദിനം. ഫുട്ബോൾ രംഗത്ത് വൻ വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വളമായി അണ്ടർ 20 ടീം സാക്ഷാൽ അർജന്റീനയെയും അണ്ടർ 16 ടീം ഏഷ്യൻ ചാംപ്യൻമാരായ ഇറാഖിനെയും അട്ടിമറിച്ചു.

സ്‌പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചാണ് അണ്ടര്‍ 20 ലോകഫുട്‌ബോളില്‍ വാര്‍ത്ത തലക്കെട്ട് പിടിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ അരമണിക്കൂറിലേറെ പത്ത് പേരുമായി കളിച്ചാണ് ഇന്ത്യ അര്‍ജന്റീനയ്ക്കതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളായിരുന്നു ടീമിൽ അധികവും.

അണ്ടർ 20 ലോകകപ്പിൽ ആറു തവണ കിരീടം നേടിയ ചരിത്രമുള്ള ടീമായ അർജന്റീനയെ ഇന്ത്യ തോൽ‌പ്പിച്ചുവെന്നത് വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുകയാണ് ഫുട്ബോൾ ലോകം. നാലാം മിനിറ്റില്‍ തന്നെ ദീപക് താംഗ്രയിലൂടെ ഗോള്‍ നേടിയ ഇന്ത്യ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലെത്തി. രണ്ടാം പകുതി റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് അന്‍വര്‍ അലി വലയിലെത്തിച്ചതോടെ രണ്ടാമത്തെ ഗോളും ഇന്ത്യ വീഴ്ത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :