അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ജൂലൈ 2021 (09:29 IST)
യൂറോകപ്പിൽ ഏറ്റവുമധികം ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡൊ ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്.
അതേസമയം ഇറ്റലിയുടെ ഗോൾ കീപ്പർ ജിയാൻലൂയി ഡൊണാറുമ്മയാണ് ടൂർണമെന്റിലെ മികച്ച താരം. ഫൈനൽ മത്സരത്തിലെ നിർണായക ഷൂട്ടൗട്ടിൽ മികച്ച സേവുകൾ നടത്തി കളം നിറഞ്ഞ താരമായിരുന്നു ഡൊണാരുമ്മ.അതേസമയം ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്പെയിനിന്റെ പെഡ്രി സ്വന്തമാക്കി.
2020 യൂറോകപ്പിൽ 142 ഗോളുകളാണ് വിവിധ മത്സരങ്ങളിൽ നിന്നായി പിറന്നത്. അഞ്ചു ഗോളുമായി ക്രിസ്റ്റ്യാനോയ്ക്കൊപ്പം ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ കണ്ടെത്താൻ ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക്ക് ഷിക്കിന് കഴിഞ്ഞിരുന്നു. എന്നാൽ റോണാൾഡോയുടെ പേരിലുള്ള അസിസ്റ്റാണ് നിർൺആയകമായത്. ഫ്രാൻസിന്റെ കരിം ബെൻസേമ, സ്വീഡന്റെ ഫോഴ്‌സ്‌ബെർഗ്,ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കു, ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌ൻ എന്നിവർ നാലു ഗോളുകൾ നേടി.