നെല്‍വിന്‍ വില്‍സണ്‍|
Last Modified ബുധന്‍, 9 ജൂണ്‍ 2021 (20:23 IST)
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഫുട്‌ബോളര്‍ സുനില്‍ ഛേത്രി. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്കായി സുനില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയിരുന്നു. ഈ മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ ഇന്ത്യന്‍ ജേഴ്‌സിയില്‍ 74 ഗോളുകള്‍ പൂര്‍ത്തിയാക്കാന്‍ ഛേത്രിക്ക് സാധിച്ചു. നിലവില്‍ കളിക്കുന്നവരില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള രണ്ടാമത്തെ താരം എന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ ഛേത്രിയുടെ പേരിലാണ് ഇപ്പോള്‍. അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക് 72 രാജ്യാന്തര ഗോളുകള്‍ ആണുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ മാത്രമാണ് ഇപ്പോള്‍ ഛേത്രിക്ക് മുന്നിലുള്ളത്.
രാജ്യാന്തര മത്സരത്തിലെ ഗോളുകളുടെ എണ്ണത്തില്‍ മെസിയെ മറകടന്നതിനു പിന്നാലെ ഛേത്രിയെ ബാഴ്‌സ സൂപ്പര്‍താരവുമായി താരതമ്യം ചെയ്യുകയാണ് ആരാധകര്‍. എന്നാല്‍, ഈ താരതമ്യപ്പെടുത്തല്‍ ഛേത്രിക്ക് ഇഷ്ടപ്പെടുന്നില്ല. തന്നെയും മെസിയെയും താരതമ്യം ചെയ്യരുതെന്ന് ഛേത്രി പറയുന്നു.
'താരതമ്യങ്ങളുടെ ആവശ്യമൊന്നുമില്ല. താരങ്ങളെ കുറിച്ച് താരതമ്യപ്പെടുത്തലുകളുടെ ആവശ്യമില്ലെന്ന് ഫുട്‌ബോള്‍ മനസിലാക്കിയവര്‍ക്കും അറിയാം. എന്നേക്കാള്‍ നന്നായി കളിക്കുന്ന ആയിരത്തോളം താരങ്ങളുണ്ട്. അവരെല്ലാം മെസിയുടെ ആരാധകരായിരിക്കും,' ഛേത്രി പറഞ്ഞു.