അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ജൂലൈ 2024 (14:01 IST)
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഉടനെയൊന്നും വിരമിക്കില്ലെന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രവചനം. ഇത് തന്റെ അവസാന യൂറോകപ്പായിരിക്കുമെന്ന് നേരത്തെ ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഉടന്‍ തന്നെ വിരമിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ഇതോടെ 2026ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ താരം കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. അതേസമയം ലോകകപ്പില്‍ കളിക്കണമോ എന്ന കാര്യം റൊണാള്‍ഡോയ്ക്ക് തീരുമാനിക്കാമെന്ന് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.
നിലവില്‍ 39കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗില്‍ അല്‍ നസറിനായാണ് കളിക്കുന്നത്. ക്ലബ് ഫുട്‌ബോളില്‍ സ്‌കോറിംഗ് മികവിന് കോട്ടം തട്ടിയിട്ടില്ലെങ്കിലും യൂറോയിലെ അഞ്ച് മത്സരങ്ങളിലും ഗോളൊന്നും തന്നെ നേടാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഭാവിപദ്ധതികളെ പറ്റി താരം നയം വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ താരം പറയുന്നത് ഇങ്ങനെ. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്ക് ഒരുമിച്ച് നില്‍ക്കാം.