യൂറോപ്പിന്റെ ചുണക്കുട്ടിയാര്; പട്ടികയില്‍ മെസി, ക്രിസ്റ്റ്യാനോ, സുവാരസ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , ലൂയിസ് സുവാരസ് , ബാഴ്‌സലോണ , ലയണല്‍ മെസി
മാഡ്രിഡ്| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (17:44 IST)
യൂറോപ്പിന്റെ ചുണക്കുട്ടിയെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക തയ്യാറായി. പതിവ് പോലെ ബാഴ്‌സലോണയുടെ കരുത്തായ ലയണല്‍ മെസിയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അന്തിമ പട്ടികയില്‍ ഇടം നേടിയപ്പോള്‍ പ്രതീക്ഷിക്കാത്ത അതിഥിയായി ബാഴ്‌സയില്‍ മെസിയുടെ കരുത്തായ ലൂയിസ് സുവാരസും പട്ടികയില്‍ സ്ഥാനം കണ്ടെത്തി.

കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ കിരീടങ്ങളിലേക്ക് നയിച്ചത് മെസിയുടെ മാന്ത്രികതയായിരുന്നു. സീസണില്‍ മുന്ന് കിരീടങ്ങളാണ് മെസിയും സംഘവും നേടിയത്. ഈ നേട്ടങ്ങളില്‍ മെസി നടത്തിയ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അദ്ദേഹത്തെ മറ്റ് താരങ്ങാളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. 58 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ മെസിയുടെ സമ്പാദ്യം. ചാമ്പ്യന്‍സ് ലീഗില്‍ 77 ഗോളുകളെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്ക് കഴിഞ്ഞു.

റയല്‍ മാഡ്രിഡിന് കഴിഞ്ഞ സീസണില്‍ പ്രധാന കിരീടങ്ങളൊന്നും നേടാനാകാതെ പോയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങി തന്നെ നിന്നു. സ്‍പാനിഷ് ലീഗിലെ 48 ഗോളുകളടക്കം 61 ഗോളുകളാണ് റോണോ റയലിന് വേണ്ടി നേടിയത്. കൂടാതെ ഒരു സീസണില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന റെക്കോര്‍ഡ് കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോ മറികടക്കുകയും ചെയ്‌തു.

ബാഴ്‌സലോണയില്‍ ലൂയിസ് സുവാരസ് നടത്തിയ മുന്നേറ്റങ്ങളാണ് പലപ്പോഴും ഗോളില്‍ അവസാനിച്ചത്. ഗോള്‍ അടിക്കാനും അടുപ്പിക്കാനും അദ്ദേഹം കാണിക്കുന്ന കഴിവാണ് യൂറോപ്പിന്റെ ചുണക്കുട്ടി പട്ടികയില്‍ ഇടം നേടി കൊടുത്തത്. ആഗസ്റ്റ് 27 ന് മൊണോക്കോയില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും യുവേഫയുടെ 54 അസോസിയേഷനുകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് അന്തിമ പട്ടികയിലേക്കുള്ള മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തത്. ഇതേ ജൂറി തന്നെയായിരിക്കും വോട്ടെടുപ്പിലൂടെ വിജയിയെയും കണ്ടെത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :